ആദ്യം ബിജെപി റാഞ്ചി, പിന്നാലെ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസും റാഞ്ചി; പാലക്കാട് അപ്രതീക്ഷിത നീക്കം

ഗാനാകൃഷ്ണനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി തെഞ്ഞെടുപ്പ് ചുമതലയുള്ള വി കെ ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കി

പാലക്കാട്: മുന്‍ സ്ഥാനാര്‍ത്ഥികളെ പരസ്പരം മത്സരിപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും. നഗരസഭയിലെ അഞ്ചാം വാര്‍ഡ് കല്‍പ്പാത്തി ഈസ്റ്റിലാണ് മുന്‍ സ്ഥാനാര്‍ത്ഥികളെ ഇരുവരും പരസ്പരം റാഞ്ചിയത്. മുമ്പ് കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ച വൃന്ദാലക്ഷ്മിയെ ബിജെപിയും അന്ന് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഗാനാകൃഷ്ണനെ യുഡിഎഫ് സ്വതന്ത്രയായും രംഗത്തിറക്കി.

2005ലാണ് വൃന്ദാലക്ഷ്മി കോണ്‍ഗ്രസിന് വേണ്ടി മത്സരിച്ചത്. അന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചത് ഗാനാകൃഷ്ണനാണ്. ഗാനാകൃഷ്ണന്‍ ഇത്തവണ സീറ്റ് ചോദിച്ചിട്ടും നേതൃത്വം നല്‍കിയില്ല. ഇതറിഞ്ഞ കോണ്‍ഗ്രസ് ഗാനാകൃഷ്ണനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ ഗാനാകൃഷ്ണന്റെ സഹോദരി വീണാകൃഷ്ണന്റെ പേര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ചേര്‍ത്തു.

അപ്പോള്‍ തന്നെ ഗാനാകൃഷ്ണന്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ഗാനാകൃഷ്ണന്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ യുഡിഎഫ് സ്ഥാനാത്ഥി വീണാകൃഷ്ണന്‍ പത്രിക പിന്‍വലിച്ചു. പകരം ഗാനാകൃഷ്ണനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതായി തെഞ്ഞെടുപ്പ് ചുമതലയുള്ള വി കെ ശ്രീകണ്ഠന്‍ എംപി വ്യക്തമാക്കി.

Content Highlights: Congress and BJP swap former candidates in Palakkad

To advertise here,contact us