പാലക്കാട്: ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിക്കുന്ന യുവതിയുടെ പുതിയ ശബ്ദ സന്ദേശം പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി രാഹുല് മാങ്കൂട്ടത്തില് എംഎല്എ. ഇപ്പോള് പുതിയ ശബ്ദസന്ദേശം പുറത്ത് വന്നതിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് രാഹുല് ചോദിച്ചു. ആരോപണങ്ങളില് വ്യക്തത വരുത്തേണ്ട സമയത്ത് വ്യക്തത വരുത്തുമെന്ന് രാഹുല് മാധ്യമങ്ങളോട് പ്രതികരിച്ചു.
'എന്റെ നിരപരാധിത്വം, ഞാന് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നത് ബോധ്യപ്പെടുത്തേണ്ടത് നീതിന്യായ കോടതിയിലാണ്. മാധ്യമക്കോടതിയില് അല്ല. നീതിന്യായ കോടതിയില് നിരപരാധിത്വം ബോധ്യപ്പെടുത്തും. എനിക്ക് ജനങ്ങളോട് ഇത് ബോധ്യപ്പെടുത്താന് ഒരുപാട് സ്രോതസുകളുണ്ടല്ലോ. ഞാന് ജനങ്ങളോട് പറയാനുള്ള കാര്യങ്ങള് കൃത്യമായി പറയും', രാഹുല് പറഞ്ഞു.
മുമ്പ് പുറത്ത് വന്ന ആരോപണങ്ങളില് അന്വേഷണം നടക്കുകയല്ലേയെന്നും ആ അന്വേഷണത്തെ താന് പ്രതിരോധിച്ചോയെന്നും രാഹുല് ചോദിച്ചു. അന്വേഷണം മുന്നോട്ട് പോകട്ടേയെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളില് എപ്പോള് വ്യക്തത വരുത്തണമെന്ന് താന് അല്ലേ തീരുമാനിക്കേണ്ടതെന്നും റിപ്പോര്ട്ടര് ആവശ്യപ്പെടുമ്പോള് അല്ലല്ലോ എന്നും രാഹുല് തട്ടിക്കയറി. തനിക്ക് തോന്നുമ്പോള് വിശദീകരണം നല്കുമെന്നും അദ്ദേഹം പറഞ്ഞു.
'ശബ്ദ സന്ദേശത്തിന്റെ കാര്യം കോടതിയില് പറയാം. ഈ രാജ്യത്ത് നടക്കുന്ന ഏത് അന്വേഷണത്തോടും പോസിറ്റീവായി പ്രതികരിക്കും. എന്റെ നിരപരാധിത്വം തെളിയിക്കാന് ഞാന് നിയമപരമായി പോരാട്ടം നടത്തും', രാഹുല് പറഞ്ഞു. യുവതിയെ ഗര്ഭധാരണത്തിന് നിര്ബന്ധിക്കുന്ന വാട്സ്ആപ്പ് സന്ദേശവും പിന്നീട് ഗര്ഭഛിദ്രത്തിന് നിര്ബന്ധിക്കുന്ന ശബ്ദരേഖയുമാണ് ഇന്ന് പുറത്തുവന്നത്.
നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല് പെണ്കുട്ടിയോട് വാട്സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്ഭിണിയാക്കണമെന്നും രാഹുല് നിര്ബന്ധിക്കുന്നു. എന്നാല് ഗര്ഭധാരണത്തിന് ശേഷം ഒരു മാസം ഗര്ഭിണിയായ യുവതിയോട് അസഭ്യം പറയുന്നതും ഗര്ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതുമാണ് ശബ്ദരേഖയില് കേള്ക്കുന്നത്.
ലൈംഗികാരോപണത്തില് നടപടി നേരിട്ട് യൂത്ത് കോണ്ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടി വന്നെങ്കിലും വീണ്ടും രാഷ്ട്രീയത്തില് സജീവമാകാന് ശ്രമിക്കുന്നതിനിടെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്. അതേസമയം രാഹുലിനെതിരെ പരാതി നല്കാന് തയ്യാറെടുക്കുകയാണ് യുവതി. മുഖ്യമന്ത്രിക്ക് പരാതി നല്കാനാണ് തീരുമാനം. തെളിവുകള് മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങള് പുറത്ത് വന്നപ്പോഴെല്ലാം രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.
Content Highlights: Rahul Mamkootathil MLA responds over allegations