തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില് ജനപ്രിയ പ്രഖ്യാപനങ്ങളുമായി യുഡിഎഫിന്റെ പ്രകടന പത്രിക. നടപ്പാക്കാന് സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള് മാത്രമാണ് പ്രകടനപത്രികയില് ഉള്പ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പത്രിക അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ആശവര്ക്കര്മാര്ക്ക് പ്രത്യേക അലവന്സ്, തൊഴിലില്ലായ്മ പരിഹരിക്കാന് പഞ്ചായത്ത് തലത്തില് പദ്ധതികള്, തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ് അടക്കം ജനപ്രിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. വീടില്ലാത്തവര്ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്നും വീട് നിര്മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കുമെന്നും പത്രികയില് പറയുന്നു.
സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വാഗ്ദാനങ്ങള്.
ദാരിദ്ര്യ നിര്മ്മാര്ജനത്തിനായി ആശ്രയ 2 നവീകരിച്ച് നടപ്പിലാക്കും, തെരുവുനായ ശല്യത്തിനെതിരെ പദ്ധതികള്, വന്യജീവികളില് നിന്ന് സുരക്ഷ ഉറപ്പാക്കാന് പ്രത്യേക സ്ക്വാഡ്, എല്ലാവര്ക്കും ഗുണനിലവാരമുള്ള കുടിവെള്ളം, ആറ് പ്രധാന കോര്പ്പറേഷനില് വിദേശ രാജ്യങ്ങളിലേത് പോലെ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, ഗ്രാമീണ റോഡുകള് ഗുണനിലവാരമുളളതാക്കുമെന്നും പ്രകടനപത്രികയിൽ യുഡിഎഫ് വാഗ്ദാനം ചെയ്യുന്നു.
എല്ലാവർക്കും വീട് ഉറപ്പുവരുത്തും, തൊഴിലുറപ്പ് പദ്ധതികൾ കുറേക്കൂടി കാര്യക്ഷമമാക്കും, മയക്കുമരുന്നിൽ നിന്ന് യുവജനങ്ങളെ രക്ഷിക്കാൻ പദ്ധതികൾ, പാലിയേറ്റീവ് കെയര് സംവിധാനങ്ങളെ മെച്ചപെടുത്തും, ഹരിത കര്മ സേനയെ കൂടുതല് കാര്യക്ഷമമാക്കും, ടൂറിസം പദ്ധതികള് പ്രമോട്ട് ചെയ്യുന്നതിന് ലോക്കല്ബോഡികള്ക്ക് സഹായം, തെരുവ് വിളക്ക് സംവിധാനം മെച്ചപ്പെടുത്തും, എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും ആധുനിക മാര്ക്കറ്റ്, വൃത്തിയുളള മാര്ക്കറ്റുകള് ഉറപ്പ് വരുത്തും, നൂറ് തൊഴില് ദിനങ്ങള് ഉറപ്പ് വരുത്തും, സ്ത്രീകളെ സ്വയം പര്യാപ്തമാക്കുന്നതിന് പ്രത്യേക പദ്ധതി, 13 ശതമാനം പഞ്ചായത്ത് ഫണ്ട് ഇതിനായി മാറ്റിവയ്ക്കുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നു.
ആശാവർക്കർമാർക്ക് 2000 രൂപയുടെ അലവൻസാണ് പത്രികയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനസേവനം ഉറപ്പുവരുത്താൻ സേവാഗ്രാം എല്ലാ പഞ്ചായത്തുകളിലും ഉറപ്പാക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. അധികാര വികേന്ദ്രീകരണം അതിൻ്റെ ശരിയായ അർത്ഥത്തിൽ നടപ്പിലാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, സി പി ജോണ്, ദീപാ ദാസ് മുന്ഷി ഉള്പ്പെടെയുള്ള പ്രകടനപത്രിക പ്രഖ്യാപനവേദിയില് ഉണ്ടായിരുന്നു.
Content Highlights: Local Body Election udf Manifesto Announced by V D Satheesan