കോഴിക്കോട്: ഫ്രഷ്കട്ട് സമരസമിതി ചെയർമാൻ കുടുക്കിൽ ബാബുവിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മുസ്ലിം ലീഗ് താമരശേരി പഞ്ചായത്ത് കമ്മിറ്റിക്ക് നിർദേശം നൽകി. നാമനിർദേശപത്രിക സമർപ്പിച്ച രീതിയിൽ ലീഗിൽ അതൃപ്തി ഉയർന്ന സാഹചര്യത്തിലാണ് നീക്കം. എന്നാൽ താമരശേരിയിലെ ലീഗ് കമ്മിറ്റിക്ക് ബാബുതന്നെ സ്ഥാനാർത്ഥി ആകണമെന്നാണ്. ഫ്രഷ്കട്ടിന്റെ സമരനായകനായതിനാൽ വിജയത്തിന് സഹായകരമാവുമെന്നാണ് നേതൃത്വത്തിന്റെ നിരീക്ഷണം .
ലുക്ക് ഔട്ട് നോട്ടീസ് നിലനിൽക്കെ വിദേശത്ത് നിന്ന് നാട്ടിലെത്തി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കുടുക്കിൽ ബാബുവാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചത്. നേപ്പാളിൽ വിമാനമിറങ്ങി റോഡ് മാർഗമാണ് ബാബു നാട്ടിലെത്തിയത്. നാമനിർദേശ പത്രികയിൽ ഒപ്പിട്ട് താമരശേരി പൊലീസിന്റെ കണ്ണ് വെട്ടിച്ച് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു.
കുടുക്കിൽ ബാബു സ്ഥാനാർത്ഥിയാകുമെന്ന് അറിഞ്ഞപ്പോൾ തന്നെ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഏത് വിമാനത്താവളത്തിൽ ഇറങ്ങിയാലും കുടുക്കിൽ ബാബുവിനെ പിടിക്കണമെന്നായിരുന്നു പൊലീസിന്റെ തീരുമാനം. എന്നാൽ വിദേശത്ത് നിന്ന് നേപ്പാളിൽ വിമാനമിറങ്ങിയ ബാബു റോഡ് മാർഗം ഇന്ത്യയിലെത്തുകയായിരുന്നു. പിന്നീട് ആഭ്യന്തര ഫ്ളൈറ്റ് വഴി കോഴിക്കോടേക്കുമെത്തി. ആഭ്യന്തര ഫ്ളൈറ്റ് വഴി വരുമ്പോൾ ലുക്ക് ഔട്ട് നോട്ടീസ് ബാധകമല്ലാത്തതിനാൽ കുടുക്കിൽ ബാബു രക്ഷപ്പെടുകയായിരുന്നു.
ഗസറ്റഡ് ഓഫീസർ മുമ്പാകെ ഒപ്പിട്ട് നോമിനേഷൻ നൽകുന്നതിന് മുമ്പ് തന്നെ കുടുക്കിൽ ബാബു രക്ഷപ്പെട്ടു. പത്രിക തയ്യാറാക്കാൻ സഹായിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ ഹാഫിസ് റഹ്മാനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. താമരശേരി പഞ്ചായത്തിലെ 11-ാം വാർഡിൽ യുഡിഎഫ് വേണ്ടിയാണ് ബാബു മത്സരിക്കുന്നത്. ഒക്ടോബർ 21നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയ സംഭവത്തിൽ ബാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
Content Highlights: League instructs Thamarassery Panchayath Committee to withdraw candidacy of Fresh Cut Strike Committee Chairman