കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലാത്ത ദൗർബല്യത്തിന് സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ല; കെ കെ രാഗേഷ്

ബാലിശമായി സംസാരിക്കാതെ പ്രവർത്തകരെയുണ്ടാക്കുകയാണ് പ്രതിപക്ഷനേതാവ് ചെയ്യേണ്ടതെന്ന് കെ കെ രാഗേഷ്

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് സ്ഥാനാർത്ഥികളില്ലെങ്കിൽ അതിൽ സിപിഐഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മലപ്പട്ടത്തും ആന്തൂരിലും കണ്ണപുരത്തും കോൺഗ്രസിന് സ്ഥാനാർഥികളില്ലാത്ത ദൗർബല്യത്തിന് സിപിഎമ്മിനെ പഴിചാരിയിട്ട് കാര്യമില്ലെന്ന് രാഗേഷ് പറഞ്ഞു.

സ്ഥാനാർഥിയാകാനും നാമനിർദേശം നൽകാനും ആളുകളെ കിട്ടാത്തതാണ് യാഥാർഥ്യമെന്ന് കോൺഗ്രസ് തുറന്നുപറയുകയാണ് വേണ്ടത്. മലപ്പട്ടത്ത് സ്ഥാനാർഥിയുടെ എല്ലാ ഒപ്പുകളും വ്യത്യസ്തമായിരുന്നു. കണ്ണപുരത്ത് സ്ഥാനാർഥിയുടെ പ്രതിജ്ഞ വ്യവസ്ഥയ്ക്ക് വിരുദ്ധമായി വാട്സാപ്പിലൂടെ അയച്ചുകൊടുക്കുകയാണ് ചെയ്തത്. ആന്തൂരിൽ തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെട്ട സ്ഥാനാർഥിതന്നെ അത് നിഷേധിച്ചു. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ നടപടികൾ പ്രവർത്തകരെ കോൺഗ്രസ് പഠിപ്പിച്ചുകൊടുക്കണമെന്നും രാഗേഷ് പറഞ്ഞു.

ഏതാണ്ട് കോൺഗ്രസാണെന്ന് തോന്നുന്നവരുടെ വ്യാജ ഒപ്പിട്ട് പത്രിക നൽകുകയാണ് അവർ ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാൽ ഭീഷണിയെന്ന് പറയും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സിപിഐഎം ഭീഷണിപ്പെടുത്തിയെന്നാണ് ഡിസിസി പ്രസിഡന്റ് ആരോപിക്കുന്നത്. സിപിഐഎം ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് പറയേണ്ടത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണെന്നും രാഗേഷ് പറഞ്ഞു.

മുകളിൽ കുറച്ച് ആളുകളെവെച്ച് വാട്സാപ്പും റീൽസും ഉണ്ടാക്കിയാൽ രാഷ്ട്രീയപ്രവർത്തനമാകില്ല. ബാലിശമായി സംസാരിക്കാതെ പ്രവർത്തകരെയുണ്ടാക്കുകയാണ് പ്രതിപക്ഷനേതാവായ വി ഡി സതീശൻ ചെയ്യേണ്ടത്. ജനങ്ങളുടെ ഓരോ പ്രശ്‌നത്തിലും ഇടപെട്ട് ജനസേവകരായാണ് സിപിഐഎം പ്രവർത്തിക്കുന്നത്. അവരെ റീലുകളിൽ കാണാനാകില്ലെന്നും രാഗേഷ് പറഞ്ഞു.

Content Highlights: If Congress doesn't have candidates, there's no point in blaming the CPIM for it says KK Ragesh

To advertise here,contact us