തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥിയെ ചൊല്ലി CPIMൽ തർക്കം;ദീപക്കിനെ ഉയർത്തി ഒരുവിഭാഗം, ശിവജിയെ ഉയർത്തി മറുപക്ഷം

നോമിനേഷൻ കൊടുത്ത ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ലെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയെ ചൊല്ലി സിപിഐഎമ്മിൽ തർക്കം. ഒരു വിഭാഗം എസ് പി ദീപക്കിനെ ഉയർത്തിക്കാട്ടുമ്പോൾ ജില്ലാ കമ്മിറ്റി അംഗമായ ആർ പി ശിവജിയെ മേയറാക്കാനാണ് മറുപക്ഷത്തിന്റെ നീക്കം. കടകംപള്ളി സുരേന്ദ്രന് ഒപ്പമുള്ളവരാണ് ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്കിനെ ഉയർത്തികാട്ടുന്നത്.

അതേസമയം മേയർ സ്ഥാനാർത്ഥിയായി ഒരാളെ ഉയർത്തിക്കാട്ടുന്നതിനെതിരെ മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ടറിനോട് പ്രതികരിച്ചു. 101 സ്ഥാനാർത്ഥികളും മേയറാകാൻ യോഗ്യതയുള്ളവരാണെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ വി ശിവൻകുട്ടി പറഞ്ഞു. നോമിനേഷൻ കൊടുത്ത ഉടൻ മേയറെ തീരുമാനിക്കുന്ന രീതി എൽഡിഎഫിന് ഇല്ല. ചിലയാളുകളെ അനൗദ്യോഗികമായി മേയർ സ്ഥാനാർത്ഥിയായി അവതരിപ്പിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തോട് അങ്ങനെ അവതരിപ്പിക്കുന്നത് തെറ്റാണ് എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. ആരെ മേയർ ആക്കണമെന്നതിൽ സിപിഐഎം തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Dispute within CPIM over mayoral candidate in Thiruvananthapuram Corporation

To advertise here,contact us