മത്സരം കടുപ്പിച്ച് വിമത‌‍‍‌ർ;കട്ടപ്പന നഗരസഭയിൽ നാല് ഡിവിഷനുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കും

കട്ടപ്പനയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ കട്ടപ്പനയിലെ നഗരസഭയിൽ നാല് ഡിവിഷനുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കും. 6, 23,31,33, ഡിവിഷനുകളിലാണ് വിമതർ മത്സരിക്കുന്നത്. 12 ഡിവിഷനുകളിൽ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. എട്ട് പേർ പത്രിക പിൻവലിച്ചതോടെയാണ് നാല് ഡിവിഷനുകളിലായി കോൺഗ്രസ് വിമതർ മത്സരിക്കുന്നത്. കട്ടപ്പനയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 17-ാം ഡിവിഷനിൽ കോൺഗ്രസിനും കേരള കോൺഗ്രസിനും ഔദ്യോഗിക സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.

31-ാം ഡിവിഷനിൽ മുൻ നഗരസഭ അധ്യക്ഷ ബിനാ ജോബിയാണ് കോൺഗ്രസ് വിമത സ്ഥാനാർത്ഥി. അടിമാലി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മുൻ കോൺഗ്രസ് നേതാവ് ഇൻഫൻ്റ് തോമസ് കോൺഗ്രസിന് വെല്ലുവിളിയാകും. തൊടുപുഴ നഗരസഭയിലും കോൺഗ്രസിൽ രണ്ട് വിമതർ മത്സരിക്കുന്നുണ്ട്. പത്താം ഡിവിഷനിലാണ് വിമതർ മത്സരിക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ആനി ജോർജ്, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് ബഷീർ ഇബ്രാഹിം എന്നിവരാണ് വിമത സ്ഥാനാർത്ഥികളായി മത്സരിക്കുന്നത്. നെയ്യശേരി ബ്ലോക്ക് ഡിവിഷനിൽ വിമതനായ കെഎസ് യു നേതാവ് പത്രിക പിൻവലിച്ചു. വിമതർ മത്സരം കടുപ്പിക്കുന്നതോടെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ നിസഹകരണം തുടരുകയാണ്.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരൻ നേരത്തെ പറഞ്ഞിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുറത്താക്കുന്നവരെ പിന്നെ തിരിച്ചെടുക്കും എന്നൊരു പ്രതീക്ഷയും വേണ്ടെന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകരെ തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവർ നേതാക്കളെ സഹായിക്കാനായി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Content Highlight : Congress rebels will contest in four divisions in Kattappana Municipality

To advertise here,contact us