'സമ്മര്‍ദ്ദം താങ്ങാനാകുന്നില്ല, വിഷം കഴിച്ച് ചാവും': ജീവനൊടുക്കുമെന്ന ഭീഷണിയുമായി ബിഎല്‍ഒ

ഈ അടിമപ്പണി ദവയുചെയ്ത് നിര്‍ത്തണമെന്നും തന്നെ ദയവുചെയ്ത് ഈ ജോലിയിൽ നിന്നും ഒഴിവാക്കണമെന്നും ബിഎൽഒ ആവശ്യപ്പെടുന്നുണ്ട്

കോട്ടയം: എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് ജീവനൊടുക്കുമെന്ന ഭീഷണിയുമായി ബിഎല്‍ഒ. പൂഞ്ഞാര്‍ മണ്ഡലത്തിലെ 110 ബൂത്തിലെ ബിഎല്‍ഒ ആന്റണിയാണ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ബൂത്തില്‍ ഓഡിയോ പങ്കുവെച്ചത്. ഇടുക്കിയില്‍ പോളിടെക്‌നിക് ജീവനക്കാരനാണ് ആന്റണി. എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മര്‍ദത്തിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തങ്ങളെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുകയാണെന്നും ആന്റണി പറയുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നതെന്നും ഈ അടിമപ്പണി ദവയുചെയ്ത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. തന്നെ ദയവുചെയ്ത് ഈ ജോലിയിൽ നിന്നും ഒഴിവാക്കണമെന്നും അല്ലെങ്കിൽ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നില്‍ വന്ന് വിഷം കഴിച്ച് ജീവനൊടുക്കുമെന്നുമാണ് ബിഎൽഒ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നത്.

ബിഎൽഒയുടെ ഓഡിയോ സന്ദേശത്തിലെ പ്രസക്ത ഭാഗങ്ങൾ

'ഗ്രൂപ്പ് അംഗങ്ങളും ബഹുമാനപ്പെട്ട വില്ലേജ് ഓഫീസറും ഉത്തരവാദിത്തപ്പെട്ടവരും കേള്‍ക്കാന്‍ പറയുകയാണ്. എസ്‌ഐആര്‍ ജോലികളുമായി ബന്ധപ്പെട്ട് ഭയങ്കര മാനസിക സമ്മര്‍ദത്തിലാണ് ഞാന്‍. നിങ്ങള്‍ പറഞ്ഞതനുസരിച്ച് ഒരാഴ്ച്ചയ്ക്കുളളില്‍ വോട്ടര്‍മാരുടെ വീടുകളില്‍ കൊണ്ടുപോയി ഫോം കൊടുത്തു. ഒരുവശം പോലും പൂരിപ്പിക്കാതെയാണ് പലരും തരുന്നത്. ഇവരുടെ മൊത്തം വിവരങ്ങള്‍ ഞാന്‍ കണ്ടുപിടിച്ച് പൂരിപ്പിച്ച് കൊടുക്കണം. അതിന് കാല്‍ കാശ് കിട്ടുന്നില്ല. നിങ്ങള്‍ ഇതിന് വേണ്ടി യാതൊരു ഉപകരണങ്ങളും തരുന്നില്ല. മൊബൈലോ ഇന്റര്‍നെറ്റോ ഇല്ല.

തെരഞ്ഞെടുപ്പ് കമ്മീഷനും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് ഞങ്ങളെ എല്ലാത്തരത്തിലും ചൂഷണം ചെയ്യുകയാണ്. ഞങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിട്ടാണ് ഈ പണി ചെയ്യിപ്പിക്കുന്നത്. ഈ അടിമപ്പണി ദവയുചെയ്ത് നിര്‍ത്തണം. എന്റെ മാനസികനില തകര്‍ന്നുപോകുന്ന അവസ്ഥയിലാണ്. മനസിന്റെ സമനിലയും മാനസികാരോഗ്യവും നഷ്ടപ്പെട്ട് ഞാന്‍ ആരെയെങ്കിലും കൊല്ലും. അല്ലെങ്കില്‍ ആരെങ്കിലും എന്നെ കൊല്ലും. ദയവുചെയ്ത് എന്നെ ഈ ജോലിയില്‍ നിന്ന് ഒഴിവാക്കണം. സഹികെട്ടാണ് പറയുന്നത്. അല്ലെങ്കില്‍ വില്ലേജ് ഓഫീസിന്റെയോ കളക്ടറേറ്റിന്റെയോ മുന്നില്‍ വന്ന് വിഷം കഴിച്ച് ഞാന്‍ ചാവും.

എനിക്ക് അതുപോലെ മാനസിക സംഘര്‍ഷമാണ്. എനിക്ക് സമാധാനപരമായി ജോലി ചെയ്യാനുളള സാഹചര്യമില്ല. നാട്ടുകാരുടെ തെറി കേള്‍ക്കണം. റവന്യൂ ഉദ്യോഗസ്ഥരുടെ തെറി കേള്‍ക്കണം. ഒരുമിനിറ്റ് കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയും. ഇങ്ങേര്‍ക്കൊക്കെ എസി റൂമില്‍ നിന്ന് പറയാം. പുറത്ത് വെയിലത്ത് ജോലി ചെയ്യുന്നവരുടെ അവസ്ഥ നിങ്ങള്‍ക്കറിയേണ്ട. ജനത്തിന്റെയും നിങ്ങളുടെയും തെറി കേള്‍ക്കാന്‍ പറ്റില്ല. ഒന്നുകില്‍ ഞാന്‍ ആത്മഹത്യ ചെയ്യും. അതിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനും എസ് ഐ ആറും ആണെന്ന് മാത്രമേ എനിക്ക് പറയാനുളളു'

Content Highlights: 'Can't bear the pressure, will kill myself': BLO threatens to commit suicide in Kottayam

To advertise here,contact us