എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചു; തൃശൂരില്‍ എന്നെ പോലെ ഒരു സ്വതന്ത്രന്‍ മേയറാകണം: എം കെ വര്‍ഗീസ്

എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും എം കെ വര്‍ഗീസ്

തൃശൂര്‍: എല്‍ഡിഎഫുമായുള്ള ബോണ്ട് അവസാനിച്ചെന്ന് മേയര്‍ എം കെ വര്‍ഗീസ്. എല്‍ഡിഎഫ് തന്റെ കൂടെയാണ് വന്നതെന്നും താന്‍ എല്‍ഡിഎഫിന്റെ കൂടെയല്ല പോയതെന്നും എം കെ വര്‍ഗീസ് പറഞ്ഞു. ആദ്യം താന്‍ കോണ്‍ഗ്രസ് ആയിരുന്നുവെന്നും കോണ്‍ഗ്രസ് തള്ളിയത് കൊണ്ടാണ് സ്വതന്ത്രനായി മത്സരിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 'ഇലക്ഷന്‍ ഓണ്‍ വീല്‍സ്' എന്ന റിപ്പോര്‍ട്ടറിന്റെ പ്രത്യേക പരിപാടിയിലായിരുന്നു വര്‍ഗീസിന്റെ പ്രതികരണം.

'അന്നത്തെ സാഹചര്യം വ്യത്യസ്തമായിരുന്നു. കോണ്‍ഗ്രസ് അധികാരമില്ലാതെ നില്‍ക്കുകയായിരുന്നു. എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുള്ളയാളാണ് ഞാന്‍. തൃശൂരിന്റെ പുതിയ ശില്‍പ്പിയാകണമെന്നുണ്ടായിരുന്നു. ആ ആഗ്രഹം സഫലീകരിക്കാന്‍ ഇടതുപക്ഷത്തിന്റെ കൂടെ നിന്നു. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള, ചിന്തിക്കാനുള്ള അവസരം തരണമെന്ന നിബന്ധന ഇടതുപക്ഷത്തോട് ഞാന്‍ വെച്ചിരുന്നു. 100 ശതമാനവും അതിനുള്ള അവസരം ഇടതുപക്ഷമെനിക്ക് തന്നു', എം കെ വര്‍ഗീസ് പറഞ്ഞു. മേയര്‍ എന്ന നിലയില്‍ 1500 കോടിയുടെ വികസനം നടത്തിയെന്നും വര്‍ഗീസ് വ്യക്തമാക്കി.

ഇപ്പോള്‍ ഒരു മുന്നണിക്കൊപ്പവുമല്ലെന്നും നടുക്കാണ് നില്‍ക്കുന്നതെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം കോണ്‍ഗ്രസിനോടാണെന്നും അദ്ദേഹം പറഞ്ഞു. 40 കൊല്ലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. കരുണാകരന്‍ തൃശൂരില്‍ വന്നപ്പോഴൊക്കെ തൻ്റെ വീട്ടില്‍ വന്നിരുന്നുവെന്നും വർഗീസ് പറഞ്ഞു.

'ഞാന്‍ കോണ്‍ഗ്രസിനെ വേണ്ടെന്ന് വച്ചതല്ല, എന്നെ കോണ്‍ഗ്രസ് വേണ്ടെന്ന് വെച്ചതാണ്. ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചാല്‍ എല്‍ഡിഎഫ് ജയിക്കും. അല്ലെങ്കില്‍ ആരെങ്കിലും ജയിക്കും. എന്നെ പോലെ ഒരു സ്വതന്ത്രന്‍ ആയി വരുന്നയാള്‍ മേയറാകണം', അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തെ ഈ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്നില്ലെന്നും ബിജെപിയിലേക്ക് പോകണമെന്ന് ഇപ്പോള്‍ ചിന്തിച്ചിട്ടില്ലെന്നും വര്‍ഗീസ് പറഞ്ഞു.

Content Highlights: Thrissur mayor M K Varghese says bond with LDF is over

To advertise here,contact us