പിറന്നാളാഘോഷത്തിന് പണം കണ്ടെത്താൻ മൊബൈൽ പണയം വെച്ചു; തിരിച്ചെടുക്കാന്‍ റെയില്‍ മോഷണം, രണ്ട് പേര്‍ പിടിയില്‍

റെയില്‍വേ ഭൂമിയില്‍ കിടന്ന റെയിലുകള്‍ കഴിഞ്ഞ 19 ന് ഇയാളുടെ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം

കൊല്ലം: റെയില്‍വേയുടെ സാധനസാമഗ്രികള്‍ മോഷ്ടിച്ച് ആക്രിക്കടകളില്‍ വിറ്റ രണ്ട് പേരെ പിടികൂടി ആര്‍പിഎഫ്. ആവണീശ്വരം സ്വദേശികളായ അനന്തു (24), ഷോബിന്‍ (41) എന്നിവരെയാണ് പിടികൂടിയത്. റെയില്‍വെയുടെ സാധന സാമഗ്രികള്‍ മോഷണം പോകുന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആക്രിക്കടയില്‍ റെയില്‍വേയുടെ സാധനങ്ങള്‍ വില്‍ക്കാന്‍ രണ്ടുപേര്‍ എത്തിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ആര്‍പിഎഫ് ക്രൈംബ്രാഞ്ച് യൂണിറ്റ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണമുതല്‍ കണ്ടെത്തി. അനന്തുവിന്റെ ജന്മദിനാഘോഷങ്ങള്‍ക്കായി പണം കണ്ടെത്താന്‍ മൊബൈല്‍ ഫോണ്‍ പണയം വെച്ചിരുന്നു. ഇത് വീണ്ടെടുക്കാനായാണ് റെയില്‍വെയുടെ സാധനങ്ങള്‍ മോഷ്ടിച്ചത്. റെയില്‍വേ ഭൂമിയില്‍ കിടന്ന റെയിലുകള്‍ കഴിഞ്ഞ 19 ന് ഇയാളുടെ ഓട്ടോറിക്ഷയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. സഹായിയായാണ് ഷോബിന്‍ ഒപ്പം ചേര്‍ന്നത്. മോഷണ വസ്തുക്കള്‍ കണ്ടെടുക്കുന്നതിനും തുടര്‍നടപടികള്‍ക്കുമായി പ്രതികളെ ആര്‍പിഎഫ് പുനലൂര്‍ യൂണിറ്റിന് കൈമാറി.

Content Highlights: RPF arrests two for stealing railway equipment and selling

To advertise here,contact us