കോയിപ്രത്ത് ബ്ലോക്കിലും പഞ്ചായത്തിലും കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍: അധികാരം അടുത്ത ഭരണസമിതി വരുന്നത് വരെ

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്

പത്തനംതിട്ട: കോയിപ്രം ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും പുതിയ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ അജിത ടീച്ചറെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ തന്നെ സി ജി ആശയെയുമാണ് തെരഞ്ഞെടുത്തത്. അടുത്ത ഭരണസമിതി അധികാരമേല്‍ക്കുന്നത് വരെ ഇവര്‍ക്ക് പദവിയില്‍ തുടരാം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ പ്രസിഡന്റ് തെരഞ്ഞെടുപ്പാണിത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ഫിലിപ്പ് രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫില്‍ നിന്ന് രാജിവെച്ച് യുഡിഎഫിലെത്തിയ ആളാണ് സൂസന്‍ ഫിലിപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പ് കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുജാത രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ പഞ്ചായത്തിലും പ്രസിഡന്റ് സ്ഥാനത്ത് ഒഴിവ് വരികയായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എസ് സി വനിതാ സംവരണമാണ്. കോണ്‍ഗ്രസില്‍ നിന്ന് സി ജി ആശയും പി സുജാതയും ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടുപേര്‍ക്കും രണ്ടരവര്‍ഷത്തെ ടേമാണ് നിര്‍ദേശിച്ചിരുന്നത്. ആദ്യ ടേമില്‍ സി ജി ആശയായിരുന്നു പ്രസിഡന്റ്. രണ്ടാം ടേമില്‍ പി സുജാതയും. പ്രസിഡന്റ് സ്ഥാനത്തോടൊപ്പം മെമ്പര്‍ സ്ഥാനവും സുജാത രാജിവെച്ചതോടെ ആശയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: New presidents in Koyipram block and panchayat: Power till next governing body comes

To advertise here,contact us