കാസര്കോട്: കാഞ്ഞങ്ങാട് മടിക്കൈ ഗ്രാമപഞ്ചായത്തില് എല്ഡിഎഫ് സ്ഥാനാര്ത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മടിക്കൈ ഗ്രാമപഞ്ചായത്തിലെ പത്താം വാര്ഡായ ബങ്കളത്താണ് ഇടതുമുന്നണി സ്ഥാനാര്ത്ഥി പി ശാന്തിനി എതിരില്ലാതെ വിജയിച്ചത്. എതിര് സ്ഥാനാര്ത്ഥിയായിരുന്ന ബിജെപിയുടെ പി രജിതയെ നിര്ദേശിച്ചയാള് പിന്തുണ പിന്വലിച്ചതോടെയാണ് ശാന്തിനിക്ക് എതിര് സ്ഥാനാര്ത്ഥികള് ഇല്ലാതായത്. ഈ ഡിവിഷനില് യുഡിഎഫിന് സ്ഥാനാര്ത്ഥിയില്ല.
ബങ്കളം കുരുഡ് സ്വദേശി കെ ഭാസ്കരനായിരുന്നു രജിതയ്ക്ക് പിന്തുണ നല്കിയിരുന്നത്. ഇദ്ദേഹം ശനിയാഴ്ച്ച വരണാധികാരിക്ക് മുന്നിലെത്തി പിന്തുണ പിന്വലിക്കുന്നതായി അറിയിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രമാണ് ബങ്കളം വാര്ഡ്. ഭാസ്കരനെ വീട്ടില് കയറി ഭീഷണിപ്പെടുത്തി പിന്തുണ പിന്വലിപ്പിക്കുകയായിരുന്നുവെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്. ഭാസ്കരനെയും കുടുംബത്തെയും സിപിഐഎമ്മുകാര് ഭീഷണിപ്പെടുത്തിയെന്നും താമസിക്കാന് അനുവദിക്കില്ല, പുറത്തേക്ക് വിടില്ല, കൃഷികള് നശിപ്പിക്കും തുടങ്ങിയ ഭീഷണികളാണുണ്ടായതെന്നും ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തില് കളക്ടര്ക്ക് പരാതി നല്കുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ വേലായുധന് പറഞ്ഞു.
അതേസമയം, ബിജെപിയുടെ ആരോപണം നിഷേധിച്ച് സിപിഐഎം രംഗത്തെത്തി. സിപിഐഎം മടിക്കൈ സൗത്ത് ലോക്കൽ സെക്രട്ടറി കെ പ്രഭാകരന്റെ മരുമകനാണ് ഭാസ്കരനെന്നും അദ്ദേഹം സ്വമേധയാ പിന്തുണ പിന്വലിച്ചതാണെന്നും സിപിഐഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്ത്ഥി വി പ്രകാശന് പറഞ്ഞു. ഒരു തരത്തിലുമുളള സമ്മര്ദം പാര്ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
Content Highlights: NDA candidate's ticket void due to supporter withdrawal: CPM candidate wins