മുസ്തഫല്‍ ഫൈസി ഇനി കാന്തപുരം സമസ്തക്കൊപ്പം; മര്‍കസ് നോളജ് സിറ്റിയില്‍ സ്വീകരിച്ച് ഹക്കീം അസ്ഹരി

കേന്ദ്ര മുശാവറയില്‍ പുതുതായി ആറ് പേരെ ഉള്‍പ്പെടുത്തിയിരുന്നു. അപ്പോഴും മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കാത്തതില്‍ ലീഗിന് വലിയ അസംതൃപ്തിയുണ്ടായിരുന്നു.

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മുസ്തഫല്‍ ഫൈസി ഇനി കാന്തപുരം സമസ്ത വിഭാഗത്തിനൊപ്പം. മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ച മുസ്തഫല്‍ ഫൈസിയെ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും എസ്‌വൈഎസ് ജനറല്‍ സെക്രട്ടറിയുമായ എ പി അബ്ദുല്‍ ഹക്കീം അസ്ഹരി സ്വീകരിച്ചു. മര്‍കസില്‍ അദ്ധ്യാപനം നടത്താനും കാന്തപുരം വിഭാഗം മുസ്തഫല്‍ ഫൈസിയെ ക്ഷണിച്ചിട്ടുണ്ട്.

സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി തങ്ങളെ വിമര്‍ശിച്ചുവെന്ന് പറഞ്ഞാണ് മുസ്‌ലിം ലീഗ് അനുകൂലിയായ മുസ്തഫല്‍ ഫൈസിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് സസ്‌പെന്‍ഡ് ചെയ്തത്. ലീഗ് നേതൃത്വവുമായി നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഇദ്ദേത്തെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുശാവറയിലേക്ക് തിരിച്ചെടുത്തില്ല. മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കേണ്ടതായിരുന്നുവെന്ന് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.

കേന്ദ്ര മുശാവറയില്‍ പുതുതായി ആറ് പേരെ ഉള്‍പ്പെടുത്തിയിരുന്നു. അപ്പോഴും മുസ്തഫല്‍ ഫൈസിയെ തിരിച്ചെടുക്കാത്തതില്‍ ലീഗിന് വലിയ അസംതൃപ്തിയുണ്ടായിരുന്നു. അതിനിടയിലാണ് മുസ്തഫല്‍ ഫൈസി കാന്തപുരം സമസ്തയോട് അടുക്കുന്നത്.

To advertise here,contact us