ശാസ്തമംഗലത്ത് കള്ളവോട്ട് ആരോപണം; നാല് വീടുകളിലായി ചേര്‍ത്തത് 10 വോട്ടുകള്‍, ആരെയും അറിയില്ലെന്ന് വീട്ടുകാര്‍

കോര്‍പ്പറേഷനില്‍ പരാതി പറഞ്ഞിട്ടും വോട്ട് മാറ്റിയില്ലെന്നും കുടുംബങ്ങള്‍ വീട്ടുകാര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ കള്ളവോട്ട് ആരോപണം. വീട്ടിലുള്ള വോട്ടര്‍മ്മാരെ അറിയില്ലെന്ന് നാല് കുടുംബങ്ങള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ടി സി 22/16, 22/17, 22/22, 22/25 എന്നിവിടങ്ങളിലാണ് വീട്ടുകാര്‍ അറിയാത്ത വോട്ടര്‍മാരുള്ളത്. തൊട്ടടുത്തുള്ള വീടുകളിലായി 10 വോട്ടുകളാണ് ചേര്‍ത്തത്.

കോര്‍പ്പറേഷനില്‍ പരാതി പറഞ്ഞിട്ടും വോട്ട് മാറ്റിയില്ലെന്നും കുടുംബങ്ങള്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'വോട്ടര്‍പട്ടികയിലുള്ള ആളുകളെ അറിയില്ല. ഈ ആളുകളെ കണ്ടിട്ടും കേട്ടിട്ടുമില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞിരുന്നു. മാറ്റാമെന്ന് പറഞ്ഞിട്ടും മാറ്റിയില്ല. 2023ലെ പട്ടികയിലും ഇതേ ആളുകളുണ്ട്', വീട്ടുകാര്‍ പറയുന്നു.

ഈ വീട്ടുനമ്പറുകളില്‍ അധികമായി ചേര്‍ത്ത ആളുകളെ റിപ്പോര്‍ട്ടര്‍ സംഘം അന്വേഷിച്ചിട്ടും കണ്ടെത്താന്‍ സാധിച്ചില്ല. സംഭവം കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും അറിയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. കുടുംബാംഗങ്ങള്‍ അന്തിമ വോട്ടര്‍ പട്ടിക വരുന്നതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെന്നും ഇവർ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

Content Highlights: Fake vote allegation in Thiruvananthapuram Shasthamangalam

To advertise here,contact us