ഹരീന്ദ്രനെ RSS അഞ്ച് തവണയെങ്കിലും കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടാകും, വര്‍ഗീയവാദി ആക്കരുത്: കെ കെ രാഗേഷ്

മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണെന്നും കെ കെ രാഗേഷ്

കണ്ണൂര്‍: പാലത്തായി കേസുമായി ബന്ധപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഹരീന്ദ്രനെ വര്‍ഗീയവാദി ആക്കരുതെന്ന് കെ കെ രാഗേഷ് പറഞ്ഞു. ഉസ്താദ് പരാമര്‍ശത്തില്‍ ഹരീന്ദ്രന്‍ കൂടുതല്‍ മറുപടി പറയുമെന്നും മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണെന്നും കെ കെ രാഗേഷ് കടന്നാക്രമിച്ചു.

'ആര്‍എസ്എസിന്റെ ഭീകരമായ ആക്രമണത്തില്‍ നിന്നും പലതവണ രക്ഷപ്പെട്ടയാളാണ് സഖാവ് പി ഹരീന്ദ്രന്‍. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നയാളാണ്. ആര്‍എസ്എസ് ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും ഹരീന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടാകും. ഓരോ സന്ദര്‍ഭങ്ങളിലും അത്ഭുതകരമായി രക്ഷപ്പെട്ടയാളാണ്. ആ ഹരീന്ദ്രനെ വര്‍ഗീയവാദി ആക്കരുത്. മുസ്‌ലിം ലീഗ് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ രാഷ്ട്രീയമാണ് ലീഗ് എടുത്തുനടക്കുന്നത്. മുസ്‌ലിം ലീഗിനെ മതരാഷ്ട്രവാദികളുടെ രാഷ്ട്രീയം പിടികൂടിക്കഴിഞ്ഞു', കെ കെ രാഗേഷ് പറഞ്ഞു.

പാലത്തായി കേസില്‍ പീഡിപ്പിച്ചയാള്‍ ഹിന്ദു ആയതിനാലാണ് കേസില്‍ എസ്ഡിപിഐ നിലപാട് എടുത്തതെന്നായിരുന്നു പി ഹരീന്ദ്രന്റ പ്രസംഗം. ഉസ്താദുമാര്‍ പീഡിപ്പിച്ച കേസില്‍ പ്രതിഷേധമോ മുദ്രാവാക്യമോ ഇല്ലെന്നും സങ്കുചിത രാഷ്ട്രീയമാണ് പാലത്തായ് കേസില്‍ എസ്ഡിപിഐ സ്വീകരിച്ചതെന്നും പി ഹരീന്ദ്രന്‍ പറഞ്ഞിരുന്നു.

'കേരളത്തില്‍ ഉസ്താദുമാര്‍ പീഡിപ്പിച്ച ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും എത്രവാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നു. ഏത് ഉസ്താദ് പീഡിപ്പിച്ച കേസ് ആണ് കേരളത്തില്‍ ഇത്രയും വിവാദമായിട്ടുള്ളത്. ആ കേസില്‍ എന്ത് സംഭവിച്ചു, നിങ്ങളുടെ പ്രശ്‌നം പീഡിപ്പിക്കപ്പെട്ടുവെന്നതല്ല. പീഡിപ്പിച്ചത് ഹിന്ദുവാണ്, പീഡിപ്പിക്കപ്പെട്ടത് മുസ്‌ലിം പെണ്‍കുട്ടിയാണ് എന്നതാണ്. ആ ഒരൊറ്റ ചിന്ത മാത്രമാണ് എസ്ഡിപിഐക്കാരുടേത്. അത് ലീഗിന്റെ ചിന്തയാണ്. വര്‍ഗീയതയാണ്. എത്ര ഉസ്താദുമാര്‍ എത്ര കുട്ടികളെ പീഡിപ്പിച്ചു. ആ കേസുകള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ഇവരാരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ? നിങ്ങളുടേത് വര്‍ഗീയതാണ്. ഞങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ അങ്ങനെയല്ല പ്രശ്‌നങ്ങളെ കാണുന്നത്', എന്നായിരുന്നു പി ഹരീന്ദ്രന്റെ പ്രസംഗം. ബിജെപി മുന്‍ പ്രാദേശിക നേതാവും അധ്യാപകനുമായിരുന്ന കെ പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിലാണ് സിപിഐഎം നേതാവിന്റെ പ്രസ്താവന.

Content Highlights: Don't make P Hareendran a communalist Said CPIM Leader K K Ragesh

To advertise here,contact us