ബിജെപിക്ക് സ്വാധീനമുളള എല്ലായിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്: കെ സുരേന്ദ്രന്‍

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന ഒറ്റക്കക്ഷി ബിജെപിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു

കോഴിക്കോട്: ബിജെപിക്ക് സ്വാധീനമുളള എല്ലായിടങ്ങളിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ടെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്ന ഒറ്റക്കക്ഷി ബിജെപിയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊളളയില്‍ എസ് ഐ ടി പ്രധാന കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നത് നീട്ടിക്കൊണ്ട് പോവുകയാണെന്നും അദ്ദേഹം ആരോപിച്ചു. കടകംപളളിക്കെതിരായ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ദേവസ്വം ബോര്‍ഡ് അംഗങ്ങളും മാത്രമല്ല സ്വര്‍ണക്കൊളളയ്ക്ക് പിന്നിലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവിലെ അന്വേഷണം കണ്ണില്‍ പൊടിയിടലാണ്. ഹൈക്കോടതിയെ കബളിപ്പിക്കുന്നു. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുളള നീക്കം സമയം വൈകിപ്പിക്കാനാണ്. അന്വേഷണം വൈകിപ്പിക്കാന്‍ ഗൂഢാലോചന നടക്കുന്നു': കെ സുരേന്ദ്രന്‍ പറഞ്ഞു.

കണ്ണൂരില്‍ വനിതാ സംവരണ വാര്‍ഡില്‍ ബിജെപി പുരുഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വനിതാ സംവരണ ഡിവിഷനിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കെ അനീഷിനെ പ്രഖ്യാപിച്ചത്. അനീഷിന്റെ പത്രിക പക്ഷേ വരണാധികാരി തളളി. ജനറല്‍ ഡിവിഷനായ ആലച്ചേരിയിലും അനീഷ് പത്രിക നല്‍കിയിരുന്നു. ഈ പത്രികയും തളളി. രണ്ട് പത്രികകളും തളളിയതോടെ പേരാവൂര്‍ ഡിവിഷനിലെ രണ്ട് വാര്‍ഡുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥിയില്ലാതായി.

സൂഷ്മപരിശോധനയിലാണ് അനീഷ് രണ്ട് ഡിവിഷനുകളില്‍ പത്രിക നല്‍കിയത് കണ്ടെത്തിയതെന്നും ഇത് അനുവദനീയമല്ലാത്തതിനാലാണ് പത്രിക തളളിയെന്നും വരണാധികാരി എ കെ ജയശ്രീ പറഞ്ഞു. നാമനിര്‍ദേശ പത്രികയില്‍ പഞ്ചായത്തിന്റെ പേരും ബ്ലോക്ക് ഡിവിഷന്റെ പേരും ഒന്നായതാണ് തെറ്റുവരാന്‍ കാരണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. ആദ്യ ദിവസം നല്‍കിയ പത്രികയില്‍ തെറ്റ് സംഭവിച്ചതിനാലാണ് അടുത്ത ദിവസം ജനറല്‍ വാര്‍ഡില്‍ വീണ്ടും പത്രിക സമര്‍പ്പിച്ചതെന്നും ബിജെപി വ്യക്തമാക്കി.

Content Highlights: Candidates have been fielded in all places where BJP has influence: K Surendran

To advertise here,contact us