പത്തനംതിട്ട: വെര്ച്വല് തട്ടിപ്പിലൂടെ വൃദ്ധ ദമ്പതികള്ക്ക് നഷ്ടമായത് ഒരു കോടി രൂപയിലധികം. മല്ലപ്പള്ളി സ്വദേശികളായ കിഴക്കേല് വീട്ടില് ഷേര്ലി ഡേവിഡ് (63), ഭര്ത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചില് നിന്നാണെന്ന് പറഞ്ഞ് ഫോണ് വിളിച്ച തട്ടിപ്പുകാര് വെര്ച്വല് അറസ്റ്റാണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. തുടര്ന്ന് ഇവരില് നിന്ന് പല തവണകളായി പണം തട്ടി. പണം നഷ്ടപ്പെട്ട ദമ്പതികള് കുടുംബമായി അബുദാബിയില് താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതിയാണ് ദമ്പതികള് നാട്ടിലെത്തിയത്. സംഭവത്തില് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം 18നാണ് അജ്ഞാത ഫോണില് നിന്നും ഷേര്ലി ഡേവിഡിന് കോള് വരുന്നത്. മുംബൈ ക്രൈംബ്രാഞ്ചില് നിന്നാണെന്ന് ഷേര്ലിയെ തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചു. ഫോണ് വിളിച്ചയാള് മറ്റൊരു ഫോണ് നമ്പര് പറയുകയും അത് ഷേര്ളിയുടെ പേരില് രജിസ്റ്റര് ചെയ്തിട്ടുള്ള നമ്പറാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ആ നമ്പറിനെതിരെ നിരവധി ആളുകള് പരാതി നല്കിയിട്ടുണ്ടെന്നും അതിനാല് കേസ് ഫയല് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പ് സംഘം പറഞ്ഞു. ചെമ്പൂര് പൊലീസ് സ്റ്റേഷനിലെത്തി ജാമ്യമെടുക്കണമെന്നും ഇല്ലെങ്കില് ലോക്കല് പൊലീസ് സ്റ്റേഷനിലേക്ക് വാറണ്ട് അയച്ച് അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പല തവണകളായി ദമ്പതികളുടെ കയ്യില് നിന്നും ഒരു കോടി രൂപയിലധികം തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
Content Highlight; Virtual-arrest fraud: An elderly couple was swindled of more than ₹1 crore