തിരുവനന്തപുരം: വേണുവിന്റെ മരണത്തിൽ കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന് ഭാര്യ. മോഴിയെടുപ്പ് നീട്ടി വയ്ക്കുന്നത് പൊലീസ് ഇന്റലിജന്സ് റിപ്പോര്ട്ടിന്റെ പേരിലാണെന്ന് വേണുവിന്റെ ഭാര്യ സിന്ധു ആരോപിച്ചു. സംഭവത്തില് കുടുംബം കടുത്ത പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര് വീട്ടിലെത്തിയാല് ആരും ഉപദ്രവിക്കില്ലെന്നും സിന്ധു പറഞ്ഞു.
'ഈ മാസം 24ന് കെഎംഎംഎല് ഗസ്റ്റ് ഹൗസില് വച്ചായിരിക്കും മൊഴിയെടുപ്പ് നടക്കുക. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള മൊഴിയെടുപ്പില് ദുരൂഹതയുണ്ട്. സംഭവത്തില് ഡോക്ടര്മാരെ പ്രതികളാക്കണം. ഭര്ത്താവിന്റെ ഓഡിയോ സംഭാഷണം മരണ മൊഴിയായി കണക്കിലെടുക്കണം. മൊഴിയെടുപ്പ് കഴിഞ്ഞ ശേഷം മാധ്യമങ്ങളെ കാണും.' സിന്ധു പറഞ്ഞു.
അതേസമയം വേണു മരിച്ച സംഭവത്തില് ചികിത്സാപ്പിഴവില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്ട്ട് പുറത്ത് വന്നിരുന്നു. വീഴ്ച്ച സംഭവിച്ചിട്ടില്ല എന്നായിരുന്നു ഡോക്ടര്മാര് നല്കിയ മൊഴി. മരിച്ച വേണുവിന്റെ കേസ് ഷീറ്റില് പോരായ്മകളില്ലെന്നും പ്രോട്ടോകോള് പ്രകാരമാണ് ചികിത്സ നല്കിയത് എന്നുമാണ് ഡോക്ടര്മാരുടെ വാദം. വേണുവിന്റെ ബന്ധുക്കളില് നിന്നും വിവരം ശേഖരിക്കണമെന്നും ആശയവിനിമയത്തില് അപാകത ഉണ്ടോയെന്ന് പരിശോധിക്കണമെന്നും റിപ്പോര്ട്ടില് വ്യക്തമാക്കിയിരുന്നു.
ആരോഗ്യമന്ത്രിയുടെ നിര്ദേശപ്രകാരമാണ് അന്വേഷണം നടന്നത്. മരിച്ച വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. മെഡിക്കല് കോളേജ് ആശുപത്രിയില് കിടന്ന് വേണു ബന്ധുവിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. 'എനിക്ക് എന്തെങ്കിലും സംഭവിച്ചാല് ഉത്തരവാദിത്തം ആശുപത്രി ഏല്ക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവര്ക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്' എന്നാണ് വേണു സുഹൃത്തിന് അയച്ച സന്ദേശത്തില് പറയുന്നത്.
വേണുവിന്റെ മരണത്തില് ചികിത്സാപ്പിഴവ് ആരോപിച്ച് വേണുവിന്റെ കുടുംബം പരാതി നല്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്ജിനുമാണ് കുടുംബം പരാതി നല്കിയത്. ആശുപത്രി അധികൃതരില് നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്നും ചികിത്സ നിഷേധിച്ച ഡോക്ടര്മാര്ക്കെതിരെ നടപടി വേണമെന്നും വേണുവിന്റെ ഭാര്യ സിന്ധു നല്കിയ പരാതിയില് പറയുന്നു. നവംബര് അഞ്ചിനാണ് കൊല്ലം പന്മന സ്വദേശി വേണു മരിച്ചത്. തിരുവനന്തപുരം മെഡിക്കല് കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പിന്നാലെ പുറത്തുവന്നിരുന്നു.
അടിയന്തരമായി ആന്ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില് നിന്നുള്ള നിര്ദേശത്തെ തുടര്ന്ന് നവംബര് ഒന്നിനായിരുന്നു വേണു മെഡിക്കല് കോളേജില് എത്തിയത്. എന്നാല് ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയില് എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല് ഒരക്ഷരം മിണ്ടില്ല. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര് തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്ജന്സി ആന്ജിഗ്രാം ചെയ്യാന് വെള്ളിയാഴ്ച താന് ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്സിനിടെ പരിശോധിക്കാന് വന്ന ഡോക്ടറോട് എപ്പോള് ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല് കോളേജുകള്. എന്നാല് തിരുവനന്തപുരം മെഡിക്കല് കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല് പുറംലോകത്തെ അറിയിക്കണമെന്ന് വേണു സുഹൃത്തിനോട് പറയുന്ന സന്ദേശമാണ് പുറത്തുവന്നത്.
Content Highlight; 'Trying to sabotage the case'; Wife of Venu, who died at Thiruvananthapuram Medical College, alleges