' പാവങ്ങള്‍ക്കൊപ്പം മിവ ഉണ്ടാകും'; യുഡിഎഫ് സ്ഥാനാർത്ഥിക്ക് കെട്ടിവെക്കാനുള്ള പണംനൽകി ഷഹബാസിന്റെ പിതാവ്

താമരശ്ശേരിയില്‍ സഹപാഠികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാലാണ് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളിക്ക് പണം നല്‍കിയത്

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെക്കാനുള്ള പണം നല്‍കി ഷഹബാസിന്റെ പിതാവ്. താമരശ്ശേരിയില്‍ സഹപാഠികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാലാണ് കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളിക്ക് പണം നല്‍കിയത്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലെ എടത്തല ഡിവിഷനില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മിവ.

മാനസികമായി തളര്‍ന്നിരുന്ന സമയത്ത് എറണാകുളത്ത് നിന്നും തങ്ങളുടെ വീട്ടിലെത്തി ആശ്വസിപ്പിച്ച മിവ സ്വന്തം കുടുംബാംഗത്തെ പോലെയാണെന്ന് ഇഖ്ബാല്‍ പറഞ്ഞു. എന്ത് സഹായത്തിനുമുണ്ടാകുമെന്ന് വീട്ടില്‍ വന്നപ്പോള്‍ തന്നെ മിവ പറഞ്ഞിരിന്നെന്നും കേസുമായി ഹൈക്കോടതിയില്‍ പോയപ്പോള്‍ എല്ലാ സഹായത്തിനും കൂടെയുണ്ടായിരുന്നെന്നും ഇഖ്ബാല്‍ വ്യക്തമാക്കി. പാവങ്ങള്‍ക്കൊപ്പം എന്ത് കാര്യത്തിനും മിവ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഇഖ്ബാല്‍ പ്രതികരിച്ചു.

സ്ഥാനാര്‍ത്ഥിയാകുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ കെട്ടിവെക്കാനുള്ള പണം താന്‍ നല്‍കാമെന്ന് പറഞ്ഞ് ഇഖ്ബാല്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് മിവ പറഞ്ഞു. അദ്ദേഹം വിളിച്ചതില്‍ സന്തോഷമുണ്ടെന്നും ജീവിതാവസാനം വരെ ഷഹബാസിന്റെ കുടുംബത്തിലെ അംഗമായി അവര്‍ക്കൊപ്പം ഉണ്ടാകുമെന്നും മിവ കൂട്ടിച്ചേര്‍ത്തു.

2023ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച മിവ ജോളിയെ പൊലീസ് ബലമായി പിടിച്ച് മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. മിവയെ കോളറില്‍ പിടിച്ച് പൊക്കിയെടുത്ത പൊലീസ് നടപടിയാണ് അന്ന് വിവാദമായത്. അന്ന് കെഎസ്‌യു എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു മിവ.

മാര്‍ച്ച് മാസത്തിലായിരുന്നു വിദ്യാര്‍ത്ഥിയായ ഷഹബാസ് കൊല്ലപ്പെട്ടത്. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിനു പിന്നാലെ ഉണ്ടായ സംഘര്‍ഷത്തിലാണ് പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. സംഘര്‍ഷത്തില്‍ ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഷഹബാസിന്റെ മരണം. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Content Highlight; Thamarassery Shahbaz's father gave money to the UDF candidate

To advertise here,contact us