'ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുവേണ്ട, അവർ നുഴഞ്ഞുകയറി എല്ലാം തകർക്കും'; മുന്നറിയിപ്പുമായി സമസ്ത

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ട് വേണ്ടെന്ന മുന്നറിയിപ്പുമായി സമസ്ത. രാഷ്ട്രീയത്തിന്റെ പേരില്‍ കൂട്ടുകൂടാന്‍ ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുമെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. എന്നാല്‍ അവരെ അകറ്റി നിര്‍ത്തണമെന്നും സമസ്ത അകറ്റി നിര്‍ത്തിയെന്നും ഉമര്‍ ഫൈസി മുക്കം മുന്നറിയിപ്പ് നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രതികരണം.

'40കളില്‍ ജമാഅത്തെ ഇസ്‌ലാമി വന്നു. പല കോലത്തില്‍ അവര്‍ വരും. ഇന്ന് രാഷ്ട്രീയ പാര്‍ട്ടിയായി വന്നു. മറ്റ് തലത്തില്‍ പ്രവര്‍ത്തിച്ചിട്ടും ജമാഅത്തെ ഇസ്‌ലാമിക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ അതിനെ ഭൂമിയില്‍ തൊടാതെ നിര്‍ത്തിയത് സമസ്തയാണ്. ഇല്ലാത്ത പാര്‍ട്ടിയെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ നമ്മുടെ ഉള്ളില്‍ അവര്‍ നുഴഞ്ഞുകയറും', ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി നുഴഞ്ഞുകയറിയാല്‍ കൂടെ കൂട്ടുന്നവരെയും സമസ്തയെയും സുന്നത്ത് ജമാഅത്തിനെയും ഇസ്‌ലാമിനെയും ആകെ തകര്‍ക്കുമെന്ന് ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേര്‍ത്തു. അവരോട് അകലം പാലിക്കണമെന്നും സമസ്ത നിര്‍ത്തിയയിടത്ത് നിര്‍ത്തണമെന്നും ഉമര്‍ ഫൈസി മുക്കം ആവശ്യപ്പെട്ടു. നിലവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ വെൽഫെയർ പാർട്ടിയുമായി ഏറ്റവും കൂടുതല്‍ ധാരണയുണ്ടാക്കിയത് യുഡിഎഫാണ്. എന്നാല്‍ പേരെടുത്ത് പറയാതെയായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസംഗം.

Content Highlights: Samastha member Umar Faizy Mukkam criticise Jamaathe Islami

To advertise here,contact us