ബിജെപി, സിപിഐഎം സ്ഥാനാർത്ഥികൾക്ക് ഒരേ പേര്; തൃപ്പൂണിത്തുറയില്‍ ഏറ്റുമുട്ടാൻ ബന്ധുക്കൾ

തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ അമ്പലം വാർഡിലെ മത്സരം ഇതിനകം ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത് സ്ഥാനാർത്ഥികളുടെ പേരിലെ സാമ്യത കൊണ്ടാണ്

തൃപ്പൂണിത്തുറ: തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പിന് മത്സരരം​ഗം തെളിയവെ കൗതുകകരമായ നിരവധി കാഴ്ചകൾ ഇതിനകം വാർത്തയിൽ ഇടംനേടിയിട്ടുണ്ട്. എന്നാൽ തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റിയിലെ അമ്പലം വാർഡിലെ മത്സരം ഇതിനകം ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത് സ്ഥാനാർത്ഥികളുടെ പേരിലെ സാമ്യത കൊണ്ടാണ്.

അമ്പലം വാർഡിൽ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെയും സിപിഐഎം നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥിയുടെയും പേര് രാധിക വർമ്മ എന്നാണ്. ഇരുവരും ബന്ധുക്കൾ കൂടിയാണ്. ബിജെപി സ്ഥാനാർത്ഥിയുടെ പേരിനൊപ്പം കെ എന്ന ഇനീഷ്യൽ ഉണ്ടെന്നത് മാറ്റമാണ് പേരിലെ ഏക വ്യത്യാസം. രണ്ട് തവണ സിറ്റിം​ഗ് കൗൺസിലറാണ് ബിജെപി സ്ഥാനാർത്ഥി കെ രാധിക വർമ്മ. രാധിക വർമ്മയുടെ പിതാവും തൃപ്പൂണിത്തുറയുടെ ചരിത്രത്തിൽ പ്രസിദ്ധനാണ്.

1946 മുതൽ 1948വരെ കൊച്ചി രാജ്യം ഭരിച്ചിരുന്ന ഐക്യ കേരള വർമ്മയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥനായിരുന്ന ക്യാപ്റ്റൻ കേരള വർമ്മയുടെ മകളാണ് കെ രാധിക വർമ്മ. കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിച്ച് ബ്രിട്ടീഷ് സൈന്യത്തിൽ നിന്നും പുറത്താക്കിയ ഉദ്യോ​ഗസ്ഥൻ കൂടിയാണ് ക്യാപ്റ്റൻ കേരള വർമ്മ. ബ്രിട്ടീഷ് സൈന്യത്തിൻ്റെ മദ്രാസ് റെജിമെൻ്റിലെ ഉദ്യോ​ഗസ്ഥനായിരുന്നു കേരള വർമ്മ. പിന്നീട് അദ്ദേഹം കൊച്ചി രാജാവിൻ്റെ സുരക്ഷാ ഉദ്യോ​ഗസ്ഥനായി നിയമിതനാവുകയായിരുന്നു. പിന്നീട് അഭിപ്രായ ഭിന്നതയെ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ക്യാപ്റ്റൻ കേരള വർമ്മ ഉപേക്ഷിച്ചിരുന്നു. ചിന്മായ വിദ്യാലയത്തിൻ്റെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള കെ രാധിക വർമ്മ 2015, 2020 വർഷങ്ങളിൽ അമ്പലം വാർഡിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ ബിജെപിയുടെ സംസ്ഥാന കൗൺസിൽ അം​ഗമാണ് കെ രാധിക വർമ്മ.

തൃപ്പൂണിത്തുറ കഥകളി കേന്ദ്രത്തിൻ്റെ വനിതാ വിഭാ​ഗത്തിൻ്റെ പ്രസിഡൻ്റ് രാധിക വർമ്മയെയാണ് സിപിഐഎം രം​ഗത്തിറക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറയിലെ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ റ്റി രാമവർമ്മയുടെ മകളാണ് കഥകളി കലാകാരി കൂടിയായ രാധിക വർമ്മ. സ്വതന്ത്രസ്ഥാനാർത്ഥിയായാണ് സിപിഐഎം രാധിക വർമ്മയെ ഇവിടെ രം​ഗത്തിറക്കിയിരിക്കുന്നത്. 2017ൽ സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാ​ഗമായുള്ള നാരീ ശക്തി പുരസ്കാരം അന്നത്തെ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയിൽ നിന്നും രാധിക വർമ്മ ഏറ്റുവാങ്ങിയിരുന്നു. ദേവപ്രിയയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

Content Highlights: Radhika Varma vs Radhika Varma for Tripunithura’s Ambalam ward

To advertise here,contact us