തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലത്തും തൃശൂരും ആലപ്പുഴയിലും എൻഡിഎ, ബിജെപി സ്ഥാനാർത്ഥികളുടെ പത്രിക സൂക്ഷ്മപരിശോധനയ്ക്ക് പിന്നാലെ തള്ളി.
തൃശൂരിൽ ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രികയാണ് തള്ളിയത്. പട്ടികജാതി വനിതാ സംവരണമായ പതിനെട്ടാം വാർഡിലെ സ്ഥാനാർത്ഥി ഇ എസ് ഷൈബിയുടെ പത്രികയാണ് തള്ളിയത്. പത്രികക്കൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കാതിരുന്നതാണ് കാരണം. എടക്കഴിയൂർ ഡിവിഷനിലെ ബിജെപി സ്ഥാനാർത്ഥി സബിത ചന്ദ്രന്റെ പത്രികയും തള്ളി. പോസ്റ്റ് ഓഫീസ് ജീവനക്കാരിയാണ് സബിത.
കൊല്ലത്ത് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ പത്രികയാണ് തള്ളിയത്. ഇരുമ്പനങ്ങാട് ഡിവിഷനിൽ മത്സരിക്കുന്ന ആർ ടി സുജിത്തിന്റെ പത്രികയാണ്, സ്ഥാനാർത്ഥിയെ നിർദേശിച്ച് ഒപ്പിട്ടയാൾ ഡിവിഷന് പുറത്തുനിന്നുള്ള ആളാണെന്ന കാരണത്താലാണ് പത്രിക തള്ളിയത്.
ആലപ്പുഴ വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി കെ കെ പൊന്നപ്പന്റെ പത്രികയാണ് തള്ളിയത്. മുൻപ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ കണക്കുകളും രേഖകളും ഹാജരാക്കാതിരുന്നതിനാലാണ് പൊന്നപ്പന്റെ പത്രിക തള്ളിയത്. സീറ്റിൽ ഡമ്മി സ്ഥാനാർത്ഥിയില്ലാത്തതിനാൽ ബിജെപിക്ക് ഇവിടെ മത്സരിക്കാനാകാത്ത സാഹചര്യമാണ്.
Content Highlights : BJP candidates' nomination papers rejected after scrutiny