തിരുവനന്തപുരം: യുഡിഎഫിന്റെ ട്രാന്സ്ജെന്ഡര് സ്ഥാനാര്ത്ഥി അമേയ പ്രസാദിന്റെ നാമനിര്ദേശ പത്രിക അംഗീകരിച്ചു. അമേയയ്ക്ക് വനിതാ സംവരണ സീറ്റില് മത്സരിക്കാം. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില് പോത്തന്കോട് ഡിവിഷനില് നിന്ന് കോണ്ഗ്രസ് സ്ഥാനാര്ത്ഥിയായാണ് അമേയ ജനവിധി തേടുന്നത്. ട്രാന്സ് വുമണായ അമേയയുടെ വോട്ടര്പട്ടികയില് ട്രാന്സ്ജെന്ഡര് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ അമേയ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അമേയ പ്രസാദിന്റെ നാമനിര്ദ്ദേശപത്രിക സ്വീകരിക്കണോ എന്ന് റിട്ടേണിങ് ഓഫീസര്ക്ക് തീരുമാനിക്കാം എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേയ പ്രസാദിന്റെ ഹര്ജിയിലായിരുന്നു നടപടി. രേഖകള് പ്രകാരം വനിതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമേയയുടെ നാമനിര്ദേശ പത്രിക അംഗീകരിച്ചത്.
വനിത സംവരണ സീറ്റില് ട്രാന്സ് വുമണ് മത്സരിക്കുന്ന കാര്യത്തില് ആശയക്കുഴപ്പം നിലനില്ക്കവെ അമേയ നാമനിര്ദേശ പത്രിക സമര്പ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് അമേയയ്ക്ക് അനുകൂലമായ നടപടിയുണ്ടായത്.
നേരത്തെ ആലപ്പുഴയിലെ വയലാർ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കോൺഗ്രസ് പ്രഖ്യാപിച്ച ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി അരുണിമയുടെ സ്ഥാനാർത്ഥിത്വത്തിലും പ്രതിസന്ധിയുണ്ടായിരുന്നു. വനിതാ സംവരണ സീറ്റിൽ ട്രാൻസ്ജെൻഡർ മത്സരിക്കുന്നത് സംബന്ധിച്ചായിരുന്നു പ്രതിസന്ധിയുണ്ടായത്. പിന്നീട് സൂഷ്മ പരിശോധനയിൽ അരുണിമയുടെ നാമനിര്ദേശ പത്രിക സ്വീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. നിലവില് ട്രാന്സ്ജെന്ഡര് കോണ്ഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യു ജനറല് സെക്രട്ടറിയുമാണ് അരുണിമ എം കുറുപ്പ്.
Content Highlights: Amaya Prasad can contest: UDF's transgender candidate's paper accepted