പത്തനംതിട്ട: ശബരിമല ദര്ശനം നടത്തി നടന് ഉണ്ണിരാജ്. ശബരിമലയിലെ തിരക്ക് സംബന്ധിച്ച വാര്ത്ത കണ്ടപ്പോള് ആദ്യം ടെന്ഷന് തോന്നിയിരുന്നെന്നും എന്നാല് ഇവിടെ എത്തിയപ്പോള് അത് മാറിയെന്നും ഉണ്ണിരാജ് പറഞ്ഞു. സുഗമമായ രീതിയിലാണ് നടത്തിപ്പ്. ദേവസ്വം ബോര്ഡും പൊലീസും സര്ക്കാരും തീര്ത്ഥാടകര്ക്കൊപ്പമുണ്ടെന്നും ഉണ്ണിരാജ് പറഞ്ഞു.
ശബരിമല ദര്ശനത്തിന് വെർച്വർ ക്യൂ വഴിയാണ് ബുക്ക് ചെയ്തത്. തീയതി ലഭിച്ചതിനിടെയാണ് ശബരിമലയിലെ തിരക്ക് സംബന്ധിച്ച വാര്ത്തകള് കേള്ക്കുന്നത്. അതോടെ ടെന്ഷനായി. എങ്ങനെ എത്തിപ്പെടുമെന്ന് ചിന്തിച്ചു. ഇങ്ങനെ ബുദ്ധിമുട്ടി പോകേണ്ടതുണ്ടോ എന്ന് അമ്മ ചോദിച്ചു. എന്നാല് ഇവിടെ എത്തിയപ്പോള് സ്ഥിതി അങ്ങനെയായിരുന്നില്ല. സുഗമമായി അയ്യപ്പ ദര്ശനം നടത്താന് സാധിച്ചുവെന്നും ഉണ്ണിരാജ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്ഷമായി ശബരിമല ദര്ശനം നടത്തിവരികയാണ്. ഇത്തവണ സുഹൃത്തുമായാണ് എത്തിയത്. ശബരിമല കാനന ക്ഷേത്രമാണ്. അതിന്റെ പ്രത്യേകതകള് ഉണ്ടാകാം. ചിലപ്പോള് ക്യൂ നില്ക്കേണ്ടിവരും. തീര്ത്ഥാടകര് സര്ക്കാരും പൊലീസും നല്കുന്ന നിര്ദേശങ്ങള് പാലിക്കണം. സന്നിധാനത്ത് ഡ്യൂട്ടി കഴിഞ്ഞ് വെറും നിലത്ത് കിടന്ന് വിശ്രമിക്കുന്ന പൊലീസുകാരെ കണ്ടു. തീര്ത്ഥാടകര്ക്ക് എല്ലാ സഹായങ്ങളും നല്കി ഒപ്പം നില്ക്കുന്ന അവരാണ് ഹീറോസ് എന്നും ഉണ്ണിരാജ് കൂട്ടിച്ചേര്ത്തു.
Content Highlights- Actor Unniraj reaction over sabarimala visit