ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ അവധാനത ഇല്ലായ്മ നീതീകരിക്കാനാകില്ല; ശബരിമല അറസ്റ്റില്‍ പി ജയരാജൻ

'അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു'

കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്‍റേത് ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിൽ പ്രതികരിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. സ്വര്‍ണം വിട്ടുനല്‍കുന്നതിലും ഫയലുകളില്‍ രേഖപ്പെടുത്തുന്നിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘത്തെ നയിക്കുന്നതില്‍ ഭരണപരമായ വീഴ്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാലാണ് പത്മകുമാറിന്റെ അറസ്റ്റ് നടന്നിരിക്കുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇക്കാര്യത്തില്‍ പുലര്‍ത്തിയ അവധാനത ഇല്ലായ്മ നീതീകരിക്കാന്‍ കഴിയുന്നതല്ലെന്നും പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

അന്വേഷണം ആരംഭിക്കുമ്പോള്‍ തന്നെ എത്ര വലിയ ഉന്നതന്‍ ആണെങ്കിലും പിടിക്കപ്പെടും എന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ആ നയം തുടരും എന്നും പി ജയരാജന്‍ പറഞ്ഞു. ഫയലില്‍ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥര്‍ രേഖപ്പെടുത്തിയത് 'കറക്റ്റ്' ചെയ്യുന്നതില്‍ പഴയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പഴയ ദേവസ്വം കമ്മീഷണര്‍ക്കും വീഴ്ച്ച പറ്റി. ഇത് മോഷണത്തിലേക്ക് നയിച്ചുവെന്നും പി ജയരാജന്‍ വ്യക്തമാക്കി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാദത്തെ പാടെ തള്ളുന്നതാണ് പി ജയരാജന്റെ നിലപാട്. അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നാണ് എം വി ഗോവിന്ദന്‍ പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ചത്. പകുതി വെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ലല്ലോയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ ഉച്ചയോടെയാണ് പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരത്തെ പ്രത്യേകം സബ്ജയിലിലേക്ക് മാറ്റി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം-

പദ്മകുമാറിന്റെ അറസ്റ്റും വസ്തുതയും

ശബരിമല സ്വർണ്ണക്കേസിനും രണ്ട് ഭാഗങ്ങൾ ഉണ്ട്.

സ്വർണ്ണം പൂശി നൽകാമെന്ന് ഏറ്റ് സ്പോൺസറെ പോലെ വന്ന് സ്വർണ്ണം മോഷ്ടിച്ച ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും.

സ്വർണ്ണം പൂശാൻ വിട്ടു നൽകുമ്പോൾ ചട്ട പ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങളിൽ വീഴ്ച്ച വരുത്തിയ

ഉദ്യോഗസ്ഥ / ഭരണവിഭാഗം.

സ്വർണ്ണം വിട്ടുനൽകുമ്പോഴും , ഫയലുകളിൽ രേഖപ്പെടുത്തലുകളിലും അലംഭാവം കാണിച്ച ഉദ്യോഗസ്ഥ സംഘം.

ഇവരെ നയിക്കുന്നതിൽ ഭരണപരമായ വീഴ്ച്ച കൂടിയുണ്ട് എന്ന് തെളിഞ്ഞതിനാ ലാണ് പദ്മകുമാറിൻ്റെ അറസ്റ്റ് നടന്നിരിക്കുന്നത്.

ഫയലിൽ ചെമ്പ് പാളി എന്ന് ഉദ്യേഗസ്ഥർ രേഖപ്പെടുത്തിയത് 'കറക്റ്റ്' ചെയ്യുന്ന തിൽ പഴയ ദേവസ്വം ബോർഡ് പ്രസിഡൻ്റിനും , പഴയ ദേവസ്വം കമ്മീഷണർക്കും വീഴ്ച്ച പറ്റി.

ഇത് മോഷണത്തിലേക്ക് നയിച്ചു

ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇക്കാര്യത്തിൽ പുലർത്തിയ 'അവധാനത ഇല്ലായ്മ'

നീതികരിക്കാൻ കഴിയുന്നതല്ല.

അന്വേഷണം ആരംഭിക്കുമ്പോൾ തന്നെ എത്ര വലിയ ഉന്നതൻ ആണെങ്കിലും പിടിക്കപ്പെടും എന്ന് സർക്കാർ പറഞ്ഞിരുന്നു.

ഒരാളെയും സംരക്ഷിക്കില്ല എന്നും സർക്കാർ വ്യക്തമാക്കിയിരുന്നു , ആ നയം തുടരും....

Content Highlights: P Jayarajan Reaction over sabarimala Arrest including padmakumar

To advertise here,contact us