പണമില്ലെങ്കില്‍ സീറ്റില്ലെന്ന് വിമര്‍ശനം; മുഹമ്മദ് ദിശാല്‍ കാരശ്ശേരി ഡിവിഷനില്‍ വിമതനായി മത്സരിക്കും

കയ്യിലുള്ളത് കറന്‍സിയല്ലെന്നും പാര്‍ട്ടിയുടെ പതാകയാണെന്നും ദിശാല്‍ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു

കോഴിക്കോട്: കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷനില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിശാല്‍ ഇന്ന് നാമനിർദേശ പത്രിക നല്‍കും. സ്വതന്ത്രസ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. ശുഹൈബ് എന്ന കൊച്ചുമോനെയാണ് ഇതേ സീറ്റിലേക്ക് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ശുഹൈബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ദിശാല്‍ അടക്കം നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. പണമില്ലെങ്കില്‍ കോണ്‍ഗ്രസില്‍ സീറ്റില്ലെന്ന വിമര്‍ശനമായിരുന്നു ദിശാല്‍ ഉയര്‍ത്തിയത്.

പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവര്‍ത്തകരെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തൂവെള്ള വസ്ത്രമണിഞ്ഞെത്തുന്ന ക്വാറി ഉടമക്ക് അധികാരം പതിച്ചു നല്‍കിയെന്നായിരുന്നു ദിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കയ്യിലുള്ളത് കറന്‍സിയല്ലെന്നും പാര്‍ട്ടിയുടെ പതാകയാണെന്നും ദിശാല്‍ ചിത്രം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.

'ആഴത്തില്‍ മുറിവുകളുണ്ടായാലും മൂവര്‍ണ പതാക ജീവനാണ്. മുതലാളിമാര്‍ക്ക് അധികാരം പതിച്ച് നല്‍കുമ്പോള്‍ നമ്മളിങ്ങനെ സമരങ്ങളായി, സംഘടന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും', എന്നായിരുന്നു ദിശാലിന്റെ പോസ്റ്റ്.

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.

Content Highlights: Muhammed Dishal will contest in the Karassery division udf candidate

To advertise here,contact us