വീട്ടിലിരിക്കാനും സമ്മതിക്കില്ലേ? പത്മകുമാറിന്റെ അറസ്റ്റിനോടുള്ള ചോദ്യത്തോട് ക്ഷുഭിതനായി കടകംപള്ളി സുരേന്ദ്രൻ

സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപ്പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പത്മകുമാറിന്റെ അറസ്റ്റിനോടുള്ള ചോദ്യത്തിന് റിപ്പോര്‍ട്ടറോട് ക്ഷുഭിതനായി കടകംപ്പള്ളി സുരേന്ദ്രന്‍. പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകനോട് 'വീട്ടില്‍ ഇരിക്കാനും സമ്മതിക്കില്ലേ' എന്ന് കടകംപള്ളി ചോദിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്നും പുറത്തേക്ക് പോയി. സ്വര്‍ണക്കൊള്ളക്കേസില്‍ കടകംപ്പള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ക്കിടെയാണിത്.

സ്വര്‍ണക്കൊള്ളക്കേസില്‍ ഇനി ചോദ്യം ചെയ്യേണ്ടത് കടംപള്ളി സുരേന്ദ്രനെയാണെന്ന് കഴിഞ്ഞദിവസം വി ഡി സതീശൻ പറഞ്ഞിരുന്നു. കേസില്‍ കടകംപള്ളിക്ക് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കില്‍ ക്രിമിനല്‍ക്കേസ് കൊടുക്കാന്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ ശുപാര്‍ശ ചെയ്തില്ല. കടകംപള്ളി സുരേന്ദ്രന്റെ ഏറ്റവും അടുത്തയാളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും വി ഡി സതീശന്‍ ആരോപിച്ചിരുന്നു.

ശബരിമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നുവെന്ന് വി ഡി സതീശന്‍ നേരത്തെയും ആരോപിച്ചിരുന്നു. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ആരോപണം തെളിയിക്കണമെന്നാവശ്യപ്പെട്ട് കടകംപള്ളി വി ഡി സതീശന് നോട്ടീസ് അയച്ചിരുന്നു.

Content Highlights: Kadakampally Surendran gets angry over question on Padmakumar's arrest

To advertise here,contact us