കോഴിക്കോട്: കുന്ദമംഗലം കാരശ്ശേരി ഡിവിഷനില് യുഡിഎഫിന് അഞ്ച് പ്രമുഖ വിമതർ. ഔദ്യോഗിക സ്ഥാനാര്ത്ഥി വി എന് ശുഹൈബിനെതിരെ ഡിസിസി മെമ്പര്, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഉള്പ്പെടെയുള്ളരാണ് മത്സരരംഗത്തുള്ളത്. നേതാക്കൾ നാമനിർദേശ പത്രിക സമർപ്പിച്ചു.
ഡിസിസി മെമ്പറും കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുന് വൈസ് പ്രസിഡന്റുമായ എം ടി അഷ്റഫ്, മുക്കം ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എം സിറാജുദീന്, യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിഷാല്, കാരശ്ശേരി മണ്ഡലം യൂത്ത് കോണ്ഗ്രസ് പ്രസിഡന്റുമാരായ അഷ്കര് സര്ക്കാര്, ഷാനിബ് ചോണാട് എന്നിവരാണ് വിമതരായി മത്സരിക്കുന്നത്. ശുഹൈബിനെതിരെ കോണ്ഗ്രസ്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര്ക്കിടയില് വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സ്ഥാനാര്ത്ഥി നിര്ണയത്തെ ചൊല്ലി കാരശ്ശേരി കോണ്ഗ്രസില് വലിയ അതൃപ്തി പുകയുകയാണ്. യൂത്ത് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ദിശാല് സ്വതന്ത്ര സ്ഥാനാര്ത്ഥിയായി മത്സരിക്കാന് നാമനിര്ദേശ പത്രിക നല്കിയിരുന്നു. കോണ്ഗ്രസിന്റെ സ്ഥാനാര്ത്ഥി നിര്ണയത്തെ എതിര്ത്തുകൊണ്ടാണ് ദിശാല് സ്വതന്ത്രനായി മത്സരിക്കുന്നത്. പണമില്ലെങ്കില് കോണ്ഗ്രസില്ല എന്ന വിമര്ശനമായിരുന്നു ദിശാല് ഉയര്ത്തിയിരുന്നത്.
പാര്ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പ്രവര്ത്തകരെ അവഗണിച്ച് തെരഞ്ഞെടുപ്പ് കാലത്ത് തൂവെള്ള വസ്ത്രമണിഞ്ഞെത്തുന്ന ക്വാറി ഉടമക്ക് അധികാരം പതിച്ചു നല്കിയെന്നായിരുന്നു ദിശാല് ഫേസ്ബുക്കില് കുറിച്ചത്. കയ്യിലുള്ളത് കറന്സിയല്ലെന്നും പാര്ട്ടിയുടെ പതാകയാണെന്നും ദിശാല് പറഞ്ഞിരുന്നു.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര് ഒന്പതിനാണ് നടക്കുക. തിരുവനന്തപുരം മുതല് എറണാകുളം വരെയാണ് ആദ്യഘട്ടത്തില് ഉള്പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര് പതിനൊന്നിനാണ് നടക്കുക. തൃശൂര് മുതല് കാസര്കോട് വരെയാണ് രണ്ടാംഘട്ടത്തില്. വോട്ടെണ്ണല് ഡിസംബര് 13 ന് നടക്കും.
Content Highlight: Five prominent rebels file nomination papers for UDF in Kundamangalam Karassery division