ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ ആദ്യം സ്ഥാനാർത്ഥിയാക്കി,ചർച്ചയായതിന് പിന്നാലെ മാറ്റി CPIM

ബിജുകുമാര്‍ വീടുകയറിയുള്ള ഒന്നാം ഘട്ട പ്രചരണം നടത്തുകയും ചെയ്തിരുന്നു

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഐഎം സ്ഥാനാര്‍ത്ഥിയെ മാറ്റി. ചെറുകുന്ന് ഗ്രാമപ്പഞ്ചായത്ത് എട്ടാം വാര്‍ഡായ പള്ളിച്ചാലിലാണ് പി ബിജുകുമാറിനെ ആദ്യം പരിഗണിച്ചത്. ബിജുകുമാര്‍ നാമനിര്‍ദേശ പത്രിക നല്‍കുകയും ചെയ്തിരുന്നു. വീടുകയറിയുള്ള ഒന്നാം ഘട്ട പ്രചരണം നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ശിക്ഷാവിവരം മറച്ചുവെച്ചാണ് ബിജുകുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. പഞ്ചായത്തിലെ മുഴുവനാളുകളും ഒരുമിച്ച് പോയി പത്രിക നല്‍കി, രണ്ടാം ഘട്ട പ്രചരണം തുടങ്ങിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയാകുന്നത്. ചെറുകുന്ന് ലോക്കല്‍ കമ്മിറ്റിയിലും പാപ്പിനിശ്ശേരി ഏരിയാ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും സംഭവം ചര്‍ച്ചയായി.

പിന്നാലെയാണ് സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ തീരുമാനിച്ചത്. പകരം കെ മോഹനനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മോഹനന്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. ബിജുകുമാര്‍ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചുമരെഴുത്ത് നടത്തുകയും ചെയ്തിരുന്നു.

Content Highlights: CPIM candidate convicted in the case of stone pelting on Oommen Chandy has been changed

To advertise here,contact us