തൃണമൂലിനെ കൂടെ നിര്‍ത്തി യുഡിഎഫ്; മലപ്പുറം കരുളായിയില്‍ സഖ്യമായി മത്സരിക്കും

യുഡിഎഫ് പഞ്ചായത്ത് നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ കൂടെനിര്‍ത്തി മലപ്പുറത്തെ യുഡിഎഫ്. കരുളായി പഞ്ചായത്തിലാണ് യുഡിഎഫ്-തൃണമൂല്‍ സഖ്യമായി മത്സരിക്കുന്നത്. യുഡിഎഫ് പിന്തുണയോടെ രണ്ട് വാര്‍ഡുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. യുഡിഎഫ് പഞ്ചായത്ത് നേതൃത്വമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

കരുളായി പഞ്ചായത്തിലെ 10, 14 വാര്‍ഡുകളിലാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ നീളുന്നതിനിടെയാണ് കരുളായിയില്‍ ഒരുമിച്ച് മത്സരിക്കുന്നത്.

നേരത്തെ യുഡിഎഫിന് ഭീഷണിയാകും വിധം മത്സരിക്കരുതെന്ന് നിര്‍ദേശിച്ച് കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. പാര്‍ട്ടി കണ്‍വീനര്‍ കീഴ്ഘടകങ്ങള്‍ക്ക് അയച്ച സര്‍ക്കുലറിലായിരുന്നു യുഡിഎഫിന് ഭീഷണിയാകരുതെന്ന നിര്‍ദേശം. യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കണമെന്നും പ്രാദേശികമായി യുഡിഎഫുമായി സഖ്യം ഉണ്ടാക്കി മാത്രം മത്സരിക്കാമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നിലമ്പൂര്‍, വഴിക്കടവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമോ എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.

Content Highlights: UDF and Trinamool Congress contest as alliance in Malappuram

To advertise here,contact us