തിരുവനന്തപുരം: തൈക്കാട് നടുറോഡില് വെച്ച് 18കാരനെ കുത്തിക്കൊന്ന കേസില് മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. ജഗതി സ്വദേശി അജിന് (ജോബി) ആണ് അലന് വധത്തിലെ മുഖ്യപ്രതി. വധശ്രമം ഉള്പ്പെടെയുള്ള കേസുകളില് ഇയാള് പ്രതിയാണ്. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആള് കൂടിയാണ് അജിന്.
അജിന് പുറമേ ജഗതി സ്വദേശികളായ നന്ദു, അഭിജിത് എന്നിവരടക്കം നാല് പേരാണ് കേസില് ഇനി പിടിയിലാകാനുള്ളത്. നിലവില് അറസ്റ്റിലായ കാപ്പാ കേസ് പ്രതി സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ റിമാന്ഡ് ചെയ്തിട്ടുണ്ട്. നേരത്തെ അലനെ ആക്രമിച്ചത് കമ്പികൊണ്ടുള്ള ആയുധം കൊണ്ടാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല് കത്തി കൊണ്ടാണ് കുത്തിയതെന്നായിരുന്നു അലന്റെ സുഹൃത്തുക്കള് പൊലീസിന് നല്കിയ മൊഴി. അജിന് കത്തി കൊണ്ടു നടക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.
തമ്പാനൂര് അരിസ്റ്റോ തോപ്പില് ഡി 47ല് താമസിക്കുന്ന നെട്ടയം സ്വദേശി അലന് ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഒരു മാസം മമ്പ് രണ്ട് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്ബോള് മത്സരത്തിലുണ്ടായ തര്ക്കമാണ് കത്തിക്കുത്തില് കലാശിച്ചത്. എന്നാല് ഈ തര്ക്കത്തിന്റെ ഭാഗമല്ലാതിരുന്നയാളാണ് അലന്. തര്ക്കത്തില് ഇടപെടാന് ഈ ഗുണ്ടാ സംഘത്തെ കൊണ്ടുവന്നത് 16കാരനായ വിദ്യാര്ത്ഥിയാണ്. എന്നാല് വിദ്യാര്ത്ഥി ക്വട്ടേഷന് നല്കിയതല്ലെന്നും വീടിന് സമീപം താമസിക്കുന്നവര് എന്ന നിലയില് ഇവരെ സമീപിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
Content Highlights: The main accused in the case of stabbing an 18-year-old man to death has been identified