കണ്ണൂർ: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ പത്മകുമാറിന് തട്ടിപ്പ് നടത്താൻ പിന്തുണ ആയത് പിണറായിയുടെ സഹായമാണ്. നെറികെട്ട കൊള്ളയാണ് ശബരിമലയിൽ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അറസ്റ്റ് നടന്നതെന്നും കെ സുധാകരൻ പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ പറയുന്നതിന് തലയും വാലുമില്ല. അതിന് മറുപടി പറയുന്നില്ല. കേരളത്തിൽ തട്ടിപ്പ് നടക്കാത്ത സാമ്പത്തിക ഇടപാടുകൾ ഇല്ല. അഴിമതി സിപിഐഎമ്മിന്റെ അജണ്ടയാണ്. മുഖ്യമന്ത്രി തന്നെ കൊള്ളയ്ക്ക് വേണ്ടിയാണ് നിൽക്കുന്നതെന്നും കെ സുധാകരൻ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന് ദേവസ്വം ബോര്ഡ് അധ്യക്ഷന് എന് വാസുവിനെ കസ്റ്റഡിയില് വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്.
ശബരിമലയിലെ സ്വര്ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിക്ക് പത്മകുമാര് എല്ലാ ഒത്താശയും നല്കി. പത്മകുമാറിന്റെ നിര്ദേശത്തിലാണ് മഹ്സറില് ചെമ്പ് തകിടുകള് എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന് പോറ്റിയും പത്മകുമാറും തമ്മില് സാമ്പത്തിക ഇടപാടുകള് നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തല്. പത്മകുമാറിന്റെ വീട്ടില് വെച്ച് ഉണ്ണികൃഷ്ണന് പോറ്റിയുമായി ചേര്ന്ന് ഗൂഢാലോചനകള് നടന്നുവെന്നുമാണ് എസ്ഐടി നിഗമനം.
അറസ്റ്റ് ചെയ്തതുകൊണ്ട് ആരും കുറ്റക്കാരനാകുന്നില്ലെന്നാണ് പത്മകുമാറിന്റെ അറസ്റ്റിന് പിന്നാലെ എം വി ഗോവിന്ദന് പ്രതികരിച്ചത്. 'ഒരാളെയും സംരക്ഷിക്കില്ല. ആര്ക്കുവേണ്ടിയും നിലപാട് വ്യത്യസ്തമായി എടുക്കില്ല. അറസ്റ്റ് ചെയ്തതുകൊണ്ട് കുറ്റവാളിയാകുന്നില്ല. പകുതിവെന്തിട്ട് നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. നല്ലോണം വേവട്ടെ' എന്നായിരുന്നു എം വി ഗോവിന്ദന് പറഞ്ഞിരുന്നു.
Content Highlights: sabarimala gold theft case; K Sudhakaran against pinarayi vijayan and cpim