ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു: അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ പമ്പ, ബയോ ടോയ്ലറ്റുകൾ പ്രവർത്തന രഹിതം

തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്ന വസ്ത്രങ്ങള്‍ സംഭരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്

പത്തനംതിട്ട: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക് തുടരുന്നു. പുലര്‍ച്ചെ മൂന്നിന് നട തുറന്ന് ആദ്യ മണിക്കൂറില്‍ 3957 പേര്‍ ദര്‍ശനം നടത്തി. നാലുമണി മുതല്‍ അഞ്ച് വരെ 3570 പേര്‍ ദര്‍ശനം നടത്തി. അഞ്ചുമണി മുതല്‍ ആറ് വരെ 3570 പേര്‍ ദര്‍ശനം നടത്തി. ഒരുമിനിറ്റില്‍ പരമാവധി 68 പേരാണ് പതിനെട്ടാം പടി ചവിട്ടുന്നത്.

അതേസമയം, ശബരിമലയില്‍ 60 അംഗ എന്‍ഡിആര്‍എഫ് സംഘം ചുമതലയെടുത്തു. ഇന്നലെ രാത്രിയാണ് രണ്ടാംഘട്ട എന്‍ഡിആര്‍എഫ് സംഘം സന്നിധാനത്ത് എത്തിയത്. മൂന്ന് ഡ്യൂട്ടി പോയിന്റിലായി എന്‍ഡിആര്‍എഫ് സംഘം 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര മെഡിക്കല്‍ സഹായം ഉറപ്പാക്കുമെന്ന് എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പമ്പയിലും എന്‍ഡിആര്‍എഫ് സേവനം ലഭ്യമാക്കുമെന്ന് എന്‍ഡിആര്‍എഫ് കമാന്‍ഡര്‍ ഇന്‍സ്‌പെക്ടര്‍ ജിഎസ് പ്രശാന്ത് അറിയിച്ചു.

പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പൂജ്യം

ശബരിമലയിലേക്കുളള ഭക്തജനത്തിരക്ക് ദിനംപ്രതി വര്‍ധിക്കുകയാണ്. അപ്പോഴും പമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. പേ ആന്‍ഡ് യൂസ് ടോയ്‌ലറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതും വൃത്തിഹീനമായ സാഹചര്യത്തില്‍. ബയോ ടോയ്‌ലറ്റുകള്‍ പ്രവര്‍ത്തനരഹിതമാണ്. ശുചിമുറി ആവശ്യങ്ങള്‍ പമ്പാ തീരത്ത് തന്നെ നടത്തേണ്ട ഗതികേടിലാണ് ഭക്തര്‍.

ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്കാണ് ശുചീകരണ ചുമതല. ശുചീകരണത്തിന് ഇരുന്നൂറ് പേരെക്കൂടി എത്തിക്കാന്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്ന വസ്ത്രങ്ങള്‍ സംഭരിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. പമ്പാതീരത്ത് വസ്ത്രക്കൂമ്പാരം കുമിഞ്ഞുകൂടുകയാണ്.

Content Highlights: Pamba lacks basic facilities: bio toilets not working

To advertise here,contact us