ബ്രാഞ്ച് അറിയില്ല, പ്രവര്‍ത്തിക്കാറില്ല; എനിക്കായി ഒരു വിഭാഗവും പാര്‍ട്ടിയില്‍ ഇല്ല: പി കെ ശശി

മത്സരിക്കുന്നവരെക്കുറിച്ച് ധാരണയില്ല. അവരാരും എന്റെയടുത്ത് വന്നിട്ടില്ലെന്നും പി കെ ശശി

പാലക്കാട്: മണ്ണാര്‍ക്കാട് നഗരസഭയില്‍ ശശി അനുകൂല വിഭാഗത്തിന്റെ ജനകീയ മതേതര മുന്നണി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് സിപിഐഎം നേതാവ് പി കെ ശശി. പാര്‍ട്ടിയില്‍ തന്റെ വിഭാഗം എന്നൊന്ന് ഇല്ലെന്നും അങ്ങനെയൊരു വിഭാഗത്തെ സൃഷ്ടിക്കാനുള്ള ഒരു ശ്രമവും നടത്തിയിട്ടില്ലെന്നും പി കെ ശശി പറഞ്ഞു. 'ശശി വിഭാഗം' എന്നതിനെ തള്ളുന്നു. അതില്‍ അല്‍പ്പംപോലും യാഥാര്‍ത്ഥ്യത്തിന്റെ കണികയില്ല. മത്സരിക്കുന്നവരെക്കുറിച്ച് ധാരണയില്ല. അവരാരും തന്റെയടുത്ത് വന്നിട്ടില്ലെന്നും പി കെ ശശി മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ഏത് ഘടകത്തിലാണെന്ന് പാര്‍ട്ടി നേതൃത്വം ഇതുവരെ അറിയിച്ചിട്ടില്ലെന്നും പി കെ ശശി പറഞ്ഞു. അതിനാല്‍ യോഗത്തില്‍ പങ്കെടുക്കാറോ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ല. ബ്രാഞ്ച് ഏതാണെന്ന് അന്വേഷിച്ച് നാടു മുഴുവന്‍ നടക്കാന്‍ കഴിയില്ലെന്നും അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് പി കെ ശശി പറഞ്ഞു.

പി കെ ശശി ബ്രാഞ്ചിലും അദ്ദേഹം ഉന്നംവെക്കുന്നവര്‍ നേതൃത്വത്തിലുമാണ് ഇരിക്കുന്നതെന്ന സിപിഐഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിന്റെ പ്രതികരണത്തിലും പി കെ ശശി മറുപടി നല്‍കി. സുരേഷ് ബാബുവിന്റെ പ്രതികരണത്തോട് പരമപുച്ഛമാണ്. ബ്രാഞ്ച് അത്ര മോശം ഘടകമല്ല എന്ന് പി കെ ശശി പറഞ്ഞു. സ്പിരിറ്റ് പരാമര്‍ശം വ്യക്തിപരമല്ല. സിനിമയിലെ കഥാപാത്രം പറയുന്നത് പോലെ എല്ലാം തന്നെക്കുറിച്ചുള്ള ചിന്തയാണ് സുരേഷ് ബാബുവിനെന്നും പി കെ ശശി കടന്നാക്രമിച്ചു.

സ്പിരിറ്റും കള്ളും ചേര്‍ക്കുമ്പോഴത്തെ രസതന്ത്രം മാത്രമറിയുന്നവര്‍ക്ക് കമ്മ്യൂണിസ്റ്റ് സ്പിരിറ്റിന്റെ രസതന്ത്രം മനസിലാവില്ലെന്ന് പി കെ ശശി മുന്‍പ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പാലക്കാട്ടെ ചിറ്റൂരിലെ സ്പിരിറ്റ് വേട്ടയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറി ഹരിദാസനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയിരുന്നു. സുരേഷ് ബാബുവിന്റെ സന്തതസഹചാരിയാണ് ഹരിദാസന്‍ എന്ന ആരോപണം രാഷ്ട്രീയ എതിരാളികള്‍ ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ പി കെ ശശിയുടെ കുറിപ്പ് ചര്‍ച്ചയായിരുന്നു.

Content Highlights: p k sasi Reaction over Supporters Contest In Local Body Election

To advertise here,contact us