രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ അഭയാർത്ഥി പരാമർശം നടത്തിയ ലീഗ് നേതാവ് കൊടുവള്ളിയിൽ സ്ഥാനാർത്ഥി

കൊടുവള്ളി കെ എം ഒ ആർട്സ് കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ വിവാദ ബാനർ ഉയർത്തിയ സംഭവത്തിലായിരുന്നു കാദറിന്‍റെ പരാമർശം

കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അഭയാർത്ഥി പരാമർശം നടത്തിയ ലീഗ് നേതാവ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി. കൊടുവള്ളി മണ്ഡലം യുഡിഎഫ് കൺവീനർ കെ കെ എ കാദറാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിക്കുന്നത്.

കൊടുവള്ളി മുനിസിപ്പാലിറ്റി 29ാം ഡിവിഷനായ കൊടുവള്ളി ഈസ്റ്റിൽനിന്നാണ് കോണി ചിഹ്നത്തിൽ കെ കെ എ കാദർ ജനവിധിതേടുന്നത്.

കൊടുവള്ളി കെ എം ഒ ആർട്സ് കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു അട്ടിമറി വിജയം നേടിയതിനെത്തുടർന്നാണ് കാദർ നേതാക്കൾക്കെതിരെ വിവാദ പരാമർശം നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എംഎസ്എഫിനെ വർഗീയവാദികളാക്കുന്ന വിധം കെഎസ്‌യു ഉയർത്തിയ 'എംഎസ് എഫ് തോറ്റു, മതേതരത്വം ജയിച്ചു'വെന്ന ബാനറിനെതിരെയാണ് കാദർ ഫേസ്ബുക്കിലൂടെ അന്ന് പ്രതികരിച്ചത്.

'ഇന്ദിരയുടെ പേരകുട്ടികൾക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്വത്തിന് നിങ്ങളുടെ പുതിയ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല' എന്നായിരുന്നു കാദറിന്റെ വിവാദ പരാമർശം. പിന്നാലെ കാദറിനെ യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഉയർന്നെങ്കിലും ലീഗ് നേതൃത്വം അംഗീകരിച്ചിരുന്നില്ല.

Content Highlights: League leader who made refugee remarks against Rahul Gandhi and Priyanka Gandhi is a candidate in local body elections

To advertise here,contact us