കണ്‍വെന്‍ഷനും പ്രചരണവും നടത്തി,പക്ഷെ സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ല;കുടുംബത്തില്‍ നിന്നൊരാളെ കണ്ടെത്തി എല്‍ഡിഎഫ്

ഇതോടെ സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തിയുടെ കുടുംബത്തില്‍ നിന്നുള്ള മറ്റൊരാളെ പുതിയ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുകയാണ്

മഞ്ചേരി: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ വോട്ടില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ മാറ്റി എല്‍ഡിഎഫ്. മഞ്ചേരി നഗരസഭയിലെ ഇരുപതാം വാര്‍ഡ് പയ്യനാടിലെ സ്ഥാനാര്‍ത്ഥി സുകേഷ് സൂത്രത്തിലിനെയാണ് എല്‍ഡിഎഫിന് മാറ്റേണ്ടിവന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനും രണ്ട് ദിവസത്തെ പ്രചാരണവും നടന്നതിന് ശേഷമാണ് സ്ഥാനാര്‍ത്ഥിക്ക് വോട്ടില്ലെന്ന് ബോധ്യപ്പെട്ടത്. ഇതോടെ സ്ഥാനാര്‍ത്ഥിയായിരുന്ന വ്യക്തിയുടെ കുടുംബത്തില്‍ നിന്നുള്ള മറ്റൊരാളെ പുതിയ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുകയാണ്. സുകേഷിന്റെ ബന്ധു സൂത്രത്തില്‍ സജിത്താണ് പുതിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി.

കോഴിക്കോടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിശ്ചിച്ചവര്‍ക്ക് വോട്ടില്ലായെന്ന വാര്‍ത്ത വലിയ ശ്രദ്ധ നേടിയിരുന്നു. തലസ്ഥാനത്ത് മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കിയ നടപടി റദ്ദാക്കിയതോടെ വൈഷ്ണ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. അതേസമയം കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഒരുങ്ങിയ വിഎം വിനുവിന് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.

കഴിഞ്ഞ ദിവസം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വി എം വിനു നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് വിനുവിന് മത്സരിക്കാനാകില്ലെന്ന് തീര്‍പ്പായത്. സെലിബ്രിറ്റി ആയതിനാല്‍ മാത്രം അനുകൂല ഉത്തരവ് നല്‍കാനാവില്ലെന്നും സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും ഒരേ നിയമമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Content Highlights: LDF replaces Manjeri Muncipality 20th ward candidate as he has no vote

To advertise here,contact us