കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ എസ്ഐആർ ക്യാമ്പ് നടത്തിപ്പിനിടെ ബൂത്ത് ലെവൽ ഓഫീസർ കുഴഞ്ഞുവീണു. അരിക്കുളം കെപിഎംഎസ് സ്കൂളിലെ അധ്യാപകനായ അബ്ദുൾ അസീസ് ആണ് കുഴഞ്ഞുവീണത്.അരിക്കുളം പഞ്ചായത്ത് 152ാം ബൂത്തിലെ ബിഎൽഒയാണ് അസീസ്. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്ഐആർ ഫോം തിരിച്ചുവാങ്ങാനുള്ള ക്യാമ്പിന്റെ നടത്തിപ്പിനിടെ അസീസ് കുഴഞ്ഞുവീഴുകയായിരുന്നു.
അസീസ് ജോലി സമ്മർദം നേരിട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. രോഗാവസ്ഥ പറഞ്ഞിട്ടും അസീസിനെ ബിഎൽഒയുടെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയില്ലെന്നും പരാതിയുണ്ട്.
അതേസമയം കണ്ണൂർ പയ്യന്നൂരിൽ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യക്ക് കാരണം എസ്ഐആർ ജോലിയിലെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെ സമാനരീതിയിൽ ജോലി സമ്മർദം നേരിടുന്നതായി നിരവധി ബിഎൽഒമാർ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം കല്ലറയിൽ ബിഎൽഒ അനിൽ കുഴഞ്ഞുവീണിരുന്നു. ജോലി സമ്മർദമാണ് ആരോഗ്യപ്രശ്നത്തിന് ഇടയാക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
Content Highlights: Kozhikode Karayad booth level officer collapses