അമേയ പ്രസാദിന്റെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കണോ എന്ന് റിട്ടേണിങ് ഓഫീസര്‍ക്ക് തീരുമാനിക്കാം: ഹൈക്കോടതി

വനിത സംവരണ സീറ്റിലേക്കാണ് ട്രാന്‍സ് വുമണായ അമേയ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്

കൊച്ചി: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അമേയ പ്രസാദിന്റെ നാമനിര്‍ദ്ദേശപത്രിക സ്വീകരിക്കണോ എന്ന് റിട്ടേണിങ് ഓഫീസര്‍ക്ക് തീരുമാനിക്കാം എന്ന് ഹൈക്കോടതി. അമേയ പ്രസാദിന്റെ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. വനിത സംവരണ സീറ്റിലേക്കാണ് ട്രാന്‍സ് വുമണായ അമേയ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. എന്നാല്‍ വോട്ടര്‍പട്ടികയില്‍ അമേയ ട്രാന്‍സ്‌ജെന്‍ഡര്‍ എന്നാണ് ഉള്ളത്.

ഹര്‍ജി പരിഗണിക്കവെ പട്ടികയില്‍ മാറ്റം വരുത്താന്‍ സമയമുണ്ടായിരുന്നല്ലോ എന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു. ജെന്‍ഡര്‍ മാറ്റണമെന്ന അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു എന്ന് അമേയ കോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനല്ലേ അപേക്ഷ നല്‍കേണ്ടതെന്ന് കോടതി ചോദിച്ചു. ഇതിന് ശേഷമാണ് തീരുമാനം റിട്ടേണിങ് ഓഫീസര്‍ എടുക്കട്ടെ എന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

വനിത സംവരണ സീറ്റില്‍ ട്രാന്‍സ് വുമണ്‍ മത്സരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കവെയാണ് അമേയ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സാങ്കേതികമായ ആശയക്കുഴപ്പം മാത്രമാണ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിലനിന്നതെന്നും ഒരു സ്ത്രീക്ക് ലഭിക്കേണ്ട അവകാശങ്ങളെല്ലാം ട്രാന്‍സ് വുമണിനും ലഭിക്കാന്‍ കോടതി ഉത്തരവുണ്ടെന്നും സംഭവത്തില്‍ അമേയ പ്രസാദ് പ്രതികരിച്ചു.

'കമ്മ്യൂണിറ്റിയെ അടിസ്ഥാനപ്പെടുത്തി ചില പ്രശ്‌നങ്ങളുണ്ട്. അത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വോട്ടര്‍ പട്ടിക ഒഴികെയുള്ള എല്ലാ രേഖകളിലും ഞാന്‍ സ്ത്രീയാണ്. ട്രാന്‍സ് വുമണിന് വനിതാ സംവരണ സീറ്റില്‍ മത്സരിക്കാമെന്ന് ബോംബെ ഹൈക്കോടതി 2021ല്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ട്.' അമേയ പ്രസാദ് പറഞ്ഞു. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് അമേയ.

Content Highlight; High Court delivers decision on the acceptance of transwoman Ameya Prasad’s candidate nomination

To advertise here,contact us