അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡില്‍ മത്സരിക്കും

ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായിരുന്നു അനില്‍ അക്കര.

തൃശൂര്‍: മുന്‍ എംഎല്‍എ അനില്‍ അക്കര പഞ്ചായത്ത് വാര്‍ഡിലേക്ക് മത്സരിക്കുന്നു. അടാട്ട് ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലാണ് അനില്‍ അക്കര മത്സരിക്കുക. 15ാം വാര്‍ഡ് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം അനിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തു. 2000 മുതൽ 2010 വരെ അടാട്ട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു അനില്‍.

2000 മുതല്‍ 2003 വരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. 2003 മുതൽ 2010 വരെ പഞ്ചായത്ത് പ്രസിഡണ്ടും ആയും പ്രവര്‍ത്തിച്ചു.

ദേശീയ,സംസ്ഥാന പുരസ്കാരങ്ങൾ അടാട്ട് പഞ്ചായത്തിന് നേടിക്കൊടുത്തു. 2010 ൽ ജില്ലാ പഞ്ചായത്തംഗമായി. രണ്ടര വർഷം വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായി. ഒരു മാസം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.

2016ൽ വടക്കാഞ്ചേരിയില്‍ നിന്ന് എംഎല്‍എയായി. 45 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്നത്തെ വിജയം.

2021ൽ വടക്കാഞ്ചേരിയില്‍ വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു.

2000ൽ അടാട്ടെ ഏഴാം വാർഡിൽ നിന്നും മത്സരിച്ച് 400 വോട്ടിന്റെ വിജയമാണ് നേടിയത്. 2005 ൽ പതിനൊന്നാം വാർഡിൽ നിന്നും മത്സരിച്ച് 285 വോട്ടിന്റെ വിജയം. 2010 ൽ ജില്ലാ പഞ്ചായത്തിലേക്ക് പേരാമംഗലം ഡിവിഷനിൽ നിന്നും മത്സരിച്ച് 14000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയിരുന്നു. വടക്കാഞ്ചേരിയിലെ പരാജയത്തിന് ശേഷം താന്‍ തന്‍റെ ഗ്രാമത്തിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു അനില്‍.

To advertise here,contact us