കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തിൽ പരസ്യ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി തന്നെ മാറ്റിനിർത്തിയെന്നാണ് അഭിന കുന്നോത്തിന്റെ വിമർശനം.
'നൂറ് ശതമാനം അർഹത ഉണ്ടായിരുന്ന സീറ്റിൽ ആരുടെയൊക്കെയോ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാറ്റി നിർത്തപ്പെട്ടിരിക്കുന്നു. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയിൽ പങ്കാളികളായിരുന്നു. അവരോടൊക്കെ താൻ മാറി മാറി ചോദിച്ചു.സീറ്റ് നൽകുന്ന മാനദണ്ഡം എന്തായിരുന്നു? മുതിർന്ന നേതാവിന്റെ ഭാര്യ ആണത്രേ അതിനുള്ള യോഗ്യത.' എന്ന് അഭിന ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. തന്നേക്കാൾ മേലെ വളരുന്ന ചില്ലകൾ വെട്ടുന്ന ബാലുശ്ശേരിയിലെ 'മുതിർന്ന' നേതാക്കൾക്കും ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് അഭിനനയുടെ കുറിപ്പ്.
കുറിപ്പിന്റെ പൂർണരൂപം...
കഴിഞ്ഞ കുറെ ദിവസങ്ങളായുള്ള പലരുടെയും ചോദ്യങ്ങൾക്ക് ഇന്ന് ഉത്തരം നൽകേണ്ടിയിരിക്കുന്നു. ഇനി വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തില്ല.100% അർഹത ഉണ്ടായിരുന്ന സീറ്റിൽ ആരുടെയൊക്കെയോ സ്വാർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി മാറ്റി നിർത്തപ്പെട്ടിരിക്കുന്നു. സ്വന്തമെന്ന് കരുതിയവരും കൂടെ കൂട്ടിയവരും ഈ ചതിയിൽ പങ്കാളികളായിരുന്നു. അവരോട് ഒക്കെ ഞാൻ മാറി മാറി ചോദിച്ചു. സീറ്റ് നൽകുന്ന മാനദണ്ഡം എന്തായിരുന്നു? മുതിർന്ന നേതാവിന്റെ ഭാര്യ ആണത്രേ അതിനുള്ള യോഗ്യത. ബൂത്ത് തലത്തിൽ മുതൽ ജില്ലയിൽ വാശിയോടെ പോരാട്ടം നടത്തുന്ന പലരെയും കണ്ടില്ലെന്ന് നടിക്കുന്ന നേതൃത്വം. നാട്ടിലെ ചെങ്കോട്ട എന്ന് വിശേഷിപ്പിക്കുന്ന എന്റെ വാർഡിൽ ഒറ്റയ്ക്ക് സഖാക്കളോട് പോരടിക്കുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ. ഏത് പാതിരാത്രിയിലും പാർട്ടിക്ക് വേണ്ടി ഓടി തളരുന്ന എന്നെ നേതൃത്വം കണ്ടില്ലത്രേ. സമര മുഖങ്ങളിൽ ഒരു സ്ഥിരമുഖമായ എന്നെ നേതൃത്വം കണ്ടില്ലത്രേ. എത്ര മനോഹരം….
എന്റെ അച്ഛനെ പോലെ അമ്മച്ഛനെ പോലെ എനിക്കും പാർട്ടി ആയിരുന്നു എല്ലാം. പാർട്ടി ആയിരുന്നു കുടുംബം, പാർട്ടി ആയിരുന്നു സൗഹൃദം, പാർട്ടി ആയിരുന്നു ശ്വാസം. എന്നിലെ എല്ലാം പാർട്ടി ആയിരുന്നു. അതിനു തന്ന മറുപടി മാറി നിൽക്കാനാണ്. പെൻഷൻ വാങ്ങി വിശ്രമ ജീവിതം നയിക്കേണ്ടവർക്ക് വേണ്ടി മാറി നിൽക്കാനാണ്. മുതിർന്ന നേതാവിന്റെ ഭാര്യയെന്ന് പരിഗണിച്ച് കൊണ്ട് മാറി നിൽക്കാനാണ്. രാഷ്ട്രീയ പ്രവേശനം ഇതുവരെ നടത്താത്തവർക്ക് വേണ്ടി മാറി നിൽക്കാനാണ്. സമരമുഖങ്ങളിൽ പരിചിതമല്ലാത്ത മുഖങ്ങൾക്ക് വേണ്ടി മാറി നിൽക്കാനാണ്.
തന്നേക്കാൾ മേലെ വളരുന്ന ചില്ലകൾ വെട്ടുന്ന ബാലുശ്ശേരിയിലെ 'മുതിർന്ന' നേതാക്കൾക്ക് നന്ദി. ഈ പ്രഹസനത്തിന് കൂട്ട് നിന്ന ജില്ലാ നേതൃത്വത്തിന് നന്ദി. ചിരിച്ച് കൊണ്ട് കഴുത്തറുത്ത സഹപ്രവർത്തകർക്ക് നന്ദി. നീതിക്ക് വേണ്ടി സംസാരിച്ച ഇതര പാർട്ടിയിലെ ബന്ധങ്ങൾക്കും നന്ദി. എനിക്ക് വേണ്ടി ശബ്ദം ഉയർത്തിയ എന്റെ പ്രിയപ്പെട്ട നേതാവിനും പ്രിയപ്പെട്ട സൗഹൃദങ്ങൾക്കും നന്ദി. പ്രിയപ്പെട്ട അച്ഛാ, ഇങ്ങൾ മാഷെന്നും വക്കീലെന്നും വിളിച്ച് കൂട്ട് കൂടിയവർ തന്നെ ഇങ്ങളെ മോളെയും പിന്നിൽ നിന്നും കുത്തിയിരിക്കുന്നു. ഇങ്ങളെ അന്ന് ചതിച്ചവർ തന്നെ അവരുടെ പങ്ക് പറ്റിയിരിക്കുന്നു.
Content Highlights: youth congress kozhikode district secretary Abhina Kunnoth against party leadership