'ശബരിമലയിലെ അവസ്ഥ ഭയാനകം'; എല്‍ഡിഎഫ് ഭരണകാലത്ത് വികസിച്ചത് സിപിഐഎമ്മുകാരുടെ പോക്കറ്റെന്ന് വി ഡി സതീശന്‍

ശബരിമലയിൽ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ യുഡിഎഫിന്റെ പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കുമെന്നും വി ഡി സതീശൻ വ്യക്തമാക്കി

കൊച്ചി: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ അറിവോടെയാണ് കൊളള നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വ്യാജ പാളികള്‍ പൂശിക്കൊണ്ട് ശബരിമലയില്‍ വയ്ക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. 'ദേവസ്വം ബോര്‍ഡിന്റെ മൂന്ന് മുന്‍ പ്രസിഡന്റുമാര്‍ അഴിക്കുളളിലാകും. അവരുടെ അറിവോടെയാണ് കൊളള നടന്നത്. ആഗോള അയ്യപ്പ സംഗമം നടത്തി. നിലവില്‍ ശബരിമലയുടെ അവസ്ഥ ഭയാനകമാണ്. പുതിയ പ്രസിഡന്റ് വരെ ഭയാനകമെന്ന് പറഞ്ഞു. അദ്ദേഹം വന്നിട്ട് നാലുദിവസമേ ആയുളളു. യുഡിഎഫ് ഭരണകാലത്ത് ഉമ്മന്‍ചാണ്ടി പമ്പയില്‍ ഇരുന്നാണ് ശബരിമലയുടെ കാര്യങ്ങള്‍ ചെയ്തിരുന്നത്. ശബരിമല സീസണ്‍ ഇത്രമാത്രം കുഴപ്പത്തിലാക്കിയ വേറെ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ യുഡിഎഫിന്റെ പ്രതിനിധി സംഘം ശബരിമല സന്ദര്‍ശിക്കും': വി ഡി സതീശൻ പറഞ്ഞു.

എല്‍ഡിഎഫ് ഭരണകാലത്ത് സിപിഐഎമ്മുകാരുടെ പോക്കറ്റാണ് വികസിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് ഭരണം വിട്ടൊഴിയുമ്പോള്‍ ആറ് ലക്ഷം കോടിയോളം രൂപയുടെ കടമുണ്ടാകുമെന്നും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പണം കൊടുക്കാന്‍ കഴിയുന്നില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ പത്ത് മാസമായി ഇന്ത്യയില്‍ ഏറ്റവും വിലക്കയറ്റമുളള സംസ്ഥാനം കേരളമാണെന്നും സര്‍ക്കാര്‍ ഇതിലൊന്നും ഇടപെടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നും സര്‍ജറിക്ക് പോകണമെങ്കില്‍ മെഡിക്കല്‍ കോളേജില്‍ സൂചിയും കത്രികയും പഞ്ഞിയും കൂടി വാങ്ങി പോകേണ്ട അവസ്ഥയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം, ശബരിമലയിലെ അനിയന്ത്രിതമായ തിരക്കില്‍ ഹൈക്കോടതി ഇടപെട്ടു. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. മണ്ഡല, മകരവിളക്ക് തീര്‍ത്ഥാടനം സംബന്ധിച്ച ഒരുക്കങ്ങള്‍ ഒരുമാസം മുന്‍പെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഏകോപനമില്ലാത്തതാണ് പ്രശ്‌നമെന്നും ഹൈക്കോടതി പറഞ്ഞു. നിലയ്ക്കല്‍ മുതല്‍ സന്നിധാനവും പതിനെട്ടാംപടിയും വരെയുളള സ്ഥലങ്ങള്‍ അഞ്ചോ ആറോ ആയി തിരിച്ച് ഓരോ സ്ഥലത്തും എത്ര സമയം എത്രപേരെ ഉള്‍ക്കൊളളാന്‍ കഴിയുമെന്ന് തീരുമാനിക്കണമെന്നും അതിനായി ഒരു വിദഗ്ദ സംഘത്തെ രൂപപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ എത്തുന്നവരെ ശ്വാസംമുട്ടി മരിക്കാന്‍ അനുവദിക്കാനാവില്ല. അവര്‍ ഭക്തരാണഅ. അതുകൊണ്ടുതന്നെ അവര്‍ വരും. അവിടെ ഒരുക്കങ്ങള്‍ നടത്തേണ്ടത് ഉത്തരവാദിത്തപ്പെട്ടവരാണ്. ഇത്ര വലിയ തിരക്കുമൂലം അപകടങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു.

Content Highlights: 'Situation in Sabarimala is terrible': VD Satheesan

To advertise here,contact us