തിരുവനന്തപുരം: പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിലെ തട്ടിപ്പിൽ ബിജെപി നേതാക്കൾക്കെതിരായ കുരുക്ക് മുറുകുന്നു. സഹകരണ സംഘം വൈസ് പ്രസിഡന്റും ബിജെപി ജനറൽ സെക്രട്ടറിയുമായ എസ് സുരേഷ് 43 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് സഹകരണ വകുപ്പ് ഉത്തരവിറക്കി. നഷ്ടപ്പെട്ട പണം തിരികെ പിടിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഉത്തരവ്.
ഭരണ സമിതി അംഗങ്ങൾ വായ്പയെടുത്തത് ചട്ടം ലംഘിച്ചാണെന്നും നിക്ഷേപകർക്ക് ലക്ഷങ്ങൾ നഷ്ടമായെന്നുമാണ് കണ്ടെത്തൽ. 2013ൽ സഹകരണ സംഘം പൂട്ടുമ്പോൾ 4.16 കോടിയായിരുന്നു നഷ്ടം. പ്രസിഡന്റായിരുന്ന ആർഎസ്എസ് മുൻ വിഭാഗ് ശാരീരിക് പ്രമുഖ് ജി പത്മകുമാർ 46 ലക്ഷമാണ് തിരിച്ചടയ്ക്കേണ്ടത്. ഭരണസമിതിയിലെ 16ൽ ഏഴ് പേർ 46 ലക്ഷം വീതവും ഒമ്പത് പേർ 19 ലക്ഷവും വീതം തിരിച്ചടയ്ക്കണം. 2013 മുതൽ 18 ശതമാനം പലിശ സഹിതം നോട്ടീസ് കൈപ്പറ്റി ഒരുമാസത്തിനകം തിരിച്ചടയ്ക്കണമെന്നും അല്ലാത്ത പക്ഷം ജപ്തിനടപടികളിലേക്ക് കടക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ തഴഞ്ഞെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തമ്പിക്കും സഹകരണ സംഘത്തിൽനിന്ന് പണം ലഭിക്കാനുണ്ട്. അതേസമയം താൻ നേരത്തെ ഭരണസമിതിയിൽ നിന്നും രാജിവെച്ചിരുന്നുവെന്നാണ് എസ് സുരേഷിന്റെ പ്രതികരണം. ഒരു രൂപ പോലും താൻ വായ്പയെടുത്തിട്ടില്ലെന്നും എസ് സുരേഷ് പറഞ്ഞു.
വിഷയത്തിൽ ബിജെപി നേതാക്കളെ പരിഹസിച്ച് കോൺഗ്രസ് വക്താവ് സന്ദീപ് വാര്യരും രംഗത്തെത്തി. പെരിങ്ങമല സഹകരണ സംഘത്തിൽ നടത്തിയ അഴിമതിയെ തുടർന്ന് ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് അടക്കമുള്ള നേതാക്കൾ കോടിക്കണക്കിന് രൂപ പിഴയടയ്ക്കാൻ വിധി വന്നതായി വാർത്ത കണ്ടു. ആരും ടെൻഷനടിക്കേണ്ട. കോർപ്പറേഷൻ ഇലക്ഷൻ കഴിഞ്ഞാൽ അതൊക്കെ പുല്ലുപോലെ നേതാക്കൾ അടച്ചിരിക്കും എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ പ്രതികരിച്ചത്.
Content Highlights: Peringammala cooperative society fraud; BJP leader S suresh should pay amount