ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ കണ്ടെത്തിയ മനുഷ്യന്റെ കാൽ കണ്ണൂർ സ്വദേശിയുടേതെന്ന് സംശയം

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ റെയില്‍വേ ട്രക്കിലാണ് അറ്റുപോയ നിലയില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്

ആലപ്പുഴ: റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ കണ്ടെത്തിയ കാല്‍ കണ്ണൂര്‍ സ്വദേശിയുടേതെന്ന് സംശയം. കോയേരി മനോഹരന്റെ കാലാണ് ട്രാക്കില്‍ നിന്ന് കണ്ടെത്തിയത് എന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു മനോഹരന്‍ ട്രെയിന്‍ തട്ടി മരിച്ചത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മനോഹരന്റെ ഒരു കാല്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു. കണ്ണൂര്‍ എടക്കാട് വെച്ചായിരുന്നു അപകടമുണ്ടായത്. അന്വേഷണത്തില്‍ ഇതേ ട്രെയിന്‍ ആലപ്പുഴ എത്തിയപ്പോളാണ് ട്രാക്കില്‍ കാലിന്റെ ഭാഗം കണ്ടെത്തിയത് എന്ന് വ്യക്തമായി.

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ റെയില്‍വേ ട്രക്കിലാണ് അറ്റു പോയ നിലയില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തിയത്. ഇടത് കാലിന്റെ പാദം മുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗമാണ് അഴുകിയ നിലയില്‍ ട്രാക്കില്‍ ഉണ്ടായിരുന്നത്. എറണാകുളം ആലപ്പുഴ മെമു ട്രാക്കില്‍ നിന്നു മാറ്റിയപ്പോഴാണ് റെയില്‍വേ ക്ലീനിംഗ് ജീവനക്കാര്‍ മൃതദേഹ അവശിഷ്ടം കണ്ടത്.

ട്രെയിന്‍ തട്ടിയ ആരുടെയെങ്കിലും കാല്‍ ഭാഗം ട്രെയിനില്‍ കുടുങ്ങിയതായിരിക്കുമോയെന്ന സംശയം ഇന്നലെ തന്നെ പൊലീസ് ഉന്നയിച്ചിരുന്നു. മെമു സര്‍വീസ് നടത്തുന്ന എറണാകുളം, ആലപ്പുഴ, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ അടുത്തിടെ ഉണ്ടായ അപകടങ്ങളുടെ വിവരം റെയില്‍വേ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ച മനോഹരന്റെ വിവരം ലഭിക്കുന്നത്.

Content Highlight; Man's foot found on Alappuzha railway station tracks suspected to be from Kannur native

To advertise here,contact us