ഒരേ വാർഡിൽ ജനവിധി തേടാൻ മൂന്ന് 'സുനിതമാർ'

പേര് മാത്രമല്ല, പേരിനൊപ്പം മൂന്ന് പേർക്കും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ഇനീഷ്യലായും വരുന്നത്

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുവാർഡിലെ സ്ഥാനാർത്ഥികൾക്കെല്ലാം ഒരേ പേരായാലോ?. അത്തരത്തിലൊരു രസകരമായ തെരഞ്ഞെടുപ്പ് വിശേഷമാണ് കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലുള്ളത്. ഇവിടെ 'സുനിതമാർ' തമ്മിലാണ് മത്സരം. എൽഡിഎഫ്, യുഡിഎഫ്, ബിജെപി മുന്നണികളിലെ സ്ഥാനാർത്ഥികളെല്ലാം സുനിതമാരാണ്. എൻ കെ സുനിതയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പി എ സുനിത എൽഡിഎഫിനായി ജനവിധി തേടുമ്പോൾ എ കെ സുനിതയാണ് എൻഡിഎക്കായി മത്സരിക്കുന്നത്.

പേര് മാത്രമല്ല പേരിനൊപ്പം മൂന്ന് പേർക്കും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ഇനീഷ്യലായും വരുന്നത്. ഇനീഷ്യലിലും സാമ്യതയുണ്ട്. ഒരാൾ എൻ കെ ആണെങ്കിൽ മറ്റെയാൾ എ കെയാണ്. പേരുകളിലെ സാമ്യത യാദൃശ്ചികമാണെന്നാണ് മുന്നണികളുടെ പ്രതികരണം. സ്ഥാനാർത്ഥികളെ നിശ്ചയിച്ച ശേഷമാണ് പേരിലെ കാര്യം അറിയുന്നത്.

മഹിളാ കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്റായ എൻ കെ സുനിത അങ്കണവാടി ജീവനക്കാരിയാണ്. മഹിളാ അസോസിയേഷൻ പഞ്ചായത്ത് കമ്മിറ്റി അംഗമായ പി എ സുനിത പത്തനംതിട്ട കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലെ അപ്രന്റീസാണ്. എ കെ സുനിത വീട്ടമ്മയാണ്.

Content Highlights: Kottanad 12 th ward election candidate's names are sunitha

To advertise here,contact us