തിരുവനന്തപുരം: ശശി തരൂർ എംപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പരസ്യപ്രസ്താവനകൾ വേണ്ടെന്ന് തോക്കളോട് ഹൈക്കമാൻഡ്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്ന് കേരളത്തിലെ നേതാക്കളോട് ഹൈക്കമാൻഡ് നിർദേശം നൽകി. തരൂരിനെ അവഗണിച്ചുകളയുക എന്ന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിൽക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നിർദേശം. കോൺഗ്രസായിട്ട് തരൂരിനെ പുറത്താക്കില്ല. കോൺഗ്രസ് പരിപാടികളിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് തരൂരിന്റെ തീരുമാനമാണ് എന്ന നിലപാടാണ് ഹൈക്കമാൻഡ് ഉള്ളത്.
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് തരൂർ വിട്ടുനിന്നിരുന്നു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് തരൂർ വിട്ടുനിൽക്കുന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ ഇതേ ആരോഗ്യ പ്രശ്നങ്ങളുമായാണ് മോദിയുടെ പരിപാടിയിൽ കഴിഞ്ഞ ദിവസം തരൂർ എത്തിയത്. പനിയും ചുമയും വകവെക്കാതെ രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേൾക്കാൻ തരൂർ എത്തിയത്. പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മോദിയുടെ പ്രസംഗത്തെ തരൂർ പുകഴ്ത്തുകയും ചെയ്തിരുന്നു.
നെഹ്റു കുടുംബത്തെ കുറിച്ച് തരൂർ അടുത്തിടെ നടത്തിയ പരാമർശവും വലിയ വിവാദങ്ങള്ക്കും പാർട്ടി നേതൃത്വത്തിനകത്ത് അതൃപ്തിക്കും ഇടയാക്കിയിരുന്നു. ഇതിൽ രൂക്ഷമായാണ് മുതിർന്ന നേതാവ് എം എം ഹസൻ പ്രതികരിച്ചത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്ന് തരൂർ ഒഴിയണമെന്നും നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും ഹസൻ പറഞ്ഞിരുന്നു. ജനങ്ങൾക്കുവേണ്ടി ഒരുതുള്ളി വിയർപ്പ് തരൂർ പൊഴിച്ചിട്ടില്ല. അദ്ദേഹം തലമറന്ന് എണ്ണ തേക്കുകയാണ്. വസ്തുതകൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ വിമർശനമെന്നും ഹസൻ വിമർശിച്ചിരുന്നു.
Content Highlights: congress high command says not to make public statements on issues related to Shashi Tharoor MP