'കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നു'; പാലക്കാട് കോൺഗ്രസിൽ കൂട്ടരാജി

പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി

പാലക്കാട്: നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍ മുഹമ്മദ്, ബ്ലോക്ക്-മണ്ഡലം ഭാരവാഹികള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 50 പ്രവര്‍ത്തകരാണ് രാജിവെച്ചത്. പ്രവര്‍ത്തകര്‍ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡില്‍ കുടുംബവാഴ്ചയ്ക്ക് ഡിസിസി നേതൃത്വം ഒത്താശ ചെയ്യുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.

അതേസമയം, പാലക്കാട് ഡിസിസിക്കെതിരെ മഹിള കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തി. പാലക്കാട് പല വാര്‍ഡുകളിലും പണം വാങ്ങി ഡിസിസി നേതൃത്വം സീറ്റ് കച്ചവടം നടത്തിയെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. പിരായിരിയിലെ മുന്‍ കൗണ്‍സിലറും മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ പ്രീജാ സുരേഷിന്റേതാണ് ആരോപണം. പിരായിരി പഞ്ചായത്തിലെ കൊടുന്തിരപ്പുള്ളി വാര്‍ഡില്‍ സീറ്റ് നല്‍കാമെന്ന് തനിക്ക് ഉറപ്പ് നല്‍കി. എന്നാല്‍ പണം വാങ്ങി ഡിസിസി നേതൃത്വം മറ്റൊരാള്‍ക്ക് സീറ്റ് നല്‍കിയെന്ന് ശ്രീജ സുരേഷ് ആരോപിച്ചു.

Content Highlights: Mass resignations from Palakkad Congress

To advertise here,contact us