സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്നു; ഐഎന്‍ടിയുസി നേതാവിനെതിരായ കേസില്‍ രൂക്ഷ പരാമര്‍ശവുമായി ഹൈക്കോടതി

കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് പരിഗണിക്കവെയായിരുന്നു സര്‍ക്കാരിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ അഴിമതിക്കാരെ സംരക്ഷിക്കുന്ന സര്‍ക്കാരായി മാറിയെന്നായിരുന്നു പരാമര്‍ശം. പരിതാപകരമായ അവസ്ഥയാണിതെന്നും ഹൈക്കോടതി വിലയിരുത്തി. കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ് പരിഗണിക്കവെയായിരുന്നു സര്‍ക്കാരിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചത്.

പ്രതികളായ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍ ചന്ദ്രശേഖരനെയും മുന്‍ മാനേജിങ് ഡയറക്ടര്‍ കെ എ രതീഷിനെയും വിചാരണചെയ്യാന്‍ പ്രോസിക്യൂഷന്‍ അനുമതിതേടി സിബിഐ നല്‍കിയ അപേക്ഷ മൂന്നാമതും തള്ളിയത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ വാക്കാലുള്ള രൂക്ഷപരാമര്‍ശം.

''ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ക്കേറുമ്പോള്‍ അഴിമതി നടക്കില്ലെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ അഴിമതിക്കാരെ രക്ഷിക്കുന്ന സര്‍ക്കാരായി മാറിയെന്നാണ് മനസ്സിലാകുന്നത്. വളരെ പരിതാപകരമായ അവസ്ഥയാണിത്''. -കോടതി കുറ്റപ്പെടുത്തി. സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. ഇക്കാര്യം ഏതെങ്കിലും ഉത്തരവില്‍ എഴുതിയേക്കും. കോടതിയലക്ഷ്യ നടപടിയാണിതില്‍. എന്തിനാണ് സര്‍ക്കാര്‍ രണ്ടുവ്യക്തികളെ സംരക്ഷിക്കുന്നതെന്നും ആരാണ് ഇതിനു പിന്നിലെന്നും കോടതി ചോദിച്ചു.

പ്രോസിക്യൂഷന്‍ അനുമതി അപേക്ഷ മൂന്നാമതും തള്ളിയതിനാല്‍ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ ഉപഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ സമയം തേടിയതിനാല്‍ വിഷയം ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ മാറ്റി.

2006 മുതല്‍ 2015 വരെയുള്ള കാലത്തെ തോട്ടണ്ടി ഇടപാടുകളില്‍ അഴിമതി കാണിച്ചുവെന്നതാണ് കശുവണ്ടി അഴിമതി കേസ്. കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്രശേഖരന്‍, മുന്‍ എം ഡി കെ എ രതീഷ് തുടങ്ങിയവരാണ് പ്രതികള്‍. കേസ് സിബിഐ ഏറ്റെടുത്തതിന് ശേഷം കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

Content Highlights: High Court says Left government protects corrupt people

To advertise here,contact us