ഔദ്യോഗികപക്ഷം അവഗണിക്കുന്നു; സിപിഐഎമ്മിനെ വെട്ടിലാക്കി മണ്ണാർക്കാട് മത്സരിക്കാൻ 'അസംതൃപ്തർ'

നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് നീക്കുപോക്കുകളുണ്ടായില്ലെങ്കിൽ മത്സരവുമായി മുന്നോട്ടെന്ന് ജനകീയ മതേതരമുന്നണി

പാലക്കാട്: തദ്ദേശതെരഞ്ഞെടുപ്പിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മത്സരിക്കാൻ 'അസംതൃപ്തരും'. മണ്ണാർക്കാട് മേഖലയിലാണ് സിപിഐഎമ്മിലെ 'അസംതൃപ്തരും' മത്സരിക്കാനൊരുങ്ങുന്നത്. നിലവിൽ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെങ്കിലും ജനകീയ മതേതരമുന്നണി എന്ന പേരിൽ നഗരസഭയിലെ 10 വാർഡുകളിൽ ഇവർ മത്സരിക്കുമെന്നാണ് വിവരം.

ഔദ്യോഗികപക്ഷം തങ്ങളെ അവഗണിക്കുന്നുവെന്ന കാരണം പറഞ്ഞാണ് 'അസംതൃപ്തർ' മത്സത്തിനിറങ്ങുന്നത്. കുളർമുണ്ട, ഉഭയമാർഗം, വടക്കുമണ്ണം, നടമാളിക, ആൽത്തറ, വിനായക നഗർ, പാറപ്പുറം, കാഞ്ഞിരം, പെരിമ്പടാരി, നമ്പിയാംകുന്ന് വാർഡുകളിൽ ഇവർ മത്സരിക്കുമെന്നാണ് സൂചന. ബ്രാഞ്ച് സെക്രട്ടറിയായിരുന്നവരും പാർട്ടി അംഗത്വമുള്ളവരും മതേതരമുന്നണിയിലുള്ളതായാണ് വിവരം. അച്ചടക്കനടപടിയെ ഭയക്കുന്നില്ലെന്നും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും നീക്കുപോക്കുകളുണ്ടായില്ലെങ്കിൽ മത്സരവുമായി മുന്നോട്ടുപോകുമെന്ന അടിയുറച്ച നിലപാടിലാണ് മതേതരമുന്നണി പ്രവർത്തകർ.

മണ്ണാർക്കാട് നഗരസഭയിൽ നിലവിൽ 30 സീറ്റുകളിലാണ് എൽഡിഎഫ് ജനവിധി തേടുന്നത്. ഇതിൽ മൂന്ന് സീറ്റ് സിപിഐക്കും ഒരു സീറ്റ് എൻസിപിക്കുമാണ്. ചൊവ്വാഴ്ച നടക്കുന്ന എൽഡിഎഫ് കൺവെൻഷനിൽ ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. അങ്ങനെയെങ്കിൽ അതിനുപിന്നാലെ മതേതരമുന്നണിയും സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

സിപിഐഎമ്മിന് വലിയ സ്വാധീനമുള്ള മണ്ണാർക്കാട് ഔദ്യോഗികപക്ഷവും മറുപക്ഷവും തമ്മിലുള്ള പോര് വിവിധ ഘട്ടങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്നിട്ടുള്ള പുതിയ നീക്കം മണ്ണാർക്കാട്ടെ സിപിഐഎം നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നതാണ്.

Content Highlights: CPIM 'Dissatisfied' to contest local elections at Mannarkkad

To advertise here,contact us