കോഴിക്കേട്: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോഴിക്കോട് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും എസ്ടിയു നേതാവുമായ യു പോക്കറെ അധിക്ഷേപിച്ചു പുറത്താക്കിയെന്ന് പ്രമുഖ നേതാക്കളുടെ ആരോപണം. പോക്കർ പുറത്തുപോകേണ്ടി വന്ന വിഷയം കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, വൈസ് പ്രസിഡന്റ് ഉമ്മർ പാണ്ടികശാല എന്നിവർ രാജിക്ക് ഒരുങ്ങുന്നുവെന്നാണ് വിവരം.
നല്ലളം വാർഡിലെ സ്ഥാനാർത്ഥിയെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് നേതാക്കളുടെ പക്ഷം. പാർലമെന്റി പാർട്ടി യോഗം ചേർന്ന് തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. പ്രതിഷേധ സൂചകമായി സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ നിന്നും ഷാഫി ചാലിയം ഇറങ്ങിപ്പോയി. പാർലമെൻററി പാർട്ടിയിൽ തീരുമാനമെടുത്തത് എം സി മായിൻ ഹാജി അടക്കം മൂന്നുപേരാണെന്നും പാർട്ടിയിൽ ജനാധിപത്യം നഷ്ടപ്പെട്ടെന്നും നേതാക്കൾ ആരോപിച്ചു. ചില നേതാക്കളുടെ താൽപര്യപ്രകാരം ഏകപക്ഷീയ തീരുമാനങ്ങളാണ് എടുക്കുന്നതെന്നും ഒരു വിഭാഗം നേതാക്കൾ വിമർശിച്ചു.
കോഴിക്കോട് കോർപറേഷനിൽ നല്ലളം 43ാം ഡിവിഷനിലെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയാണ് പാർട്ടിയിൽ പ്രതിസന്ധി ഉടലെടുത്തത്. യു പോക്കറെ മത്സരിപ്പിക്കാനാണ് ഡിവിഷനിലെ കമ്മിറ്റികളിൽ നിന്നും ആവശ്യമുയർന്നതെങ്കിലും മായിൻ ഹാജി സ്വന്തം താൽപര്യപ്രകാരം മേഖലാ ലീഗ് പ്രസിഡന്റ് വി പി ഇബ്രാഹിമിന് സ്ഥാനാർത്ഥിത്വം നൽകിയെന്നാണ് ആരോപണം.
അതേസമയം പാർട്ടി വിട്ടത് അവഗണന സഹിക്ക വയ്യാതെയാണെന്ന് യു പോക്കർ പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തെ എം സി മായിൻ ഹാജി വെല്ലുവിളിച്ചുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തോട് കാണിക്കേണ്ടുന്ന മാന്യത പുലർത്തിയില്ലെന്നും യു പോക്കർ പറഞ്ഞു. എൽഡിഎഫുമായി സഹകരിക്കും എന്നാൽ മത്സരരംഗത്ത് ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് യു പോക്കർ പാർട്ടിയിൽനിന്ന് രാജിവെച്ച് സിപിഐഎമ്മിൽ ചേർന്നത്.
മുൻ എംഎൽഎ വികെസി മമ്മദ്കോയ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഗിരീഷ് എന്നിവർക്കൊപ്പമെത്തിയാണ് പോക്കർ രാജിക്കാര്യം പ്രഖ്യാപിച്ചത്. നാലുപതിറ്റാണ്ടായി മുസ്ലിം ലീഗിന്റെ രാഷ്ട്രീയ-തൊഴിലാളി സംഘടനാപദവികളിലുള്ള പോക്കർ, മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളിലും പ്രവർത്തിച്ചിരുന്നു. സർക്കാർ കമ്മിറ്റികളായ മിനിമം വേജസ് ഉപദേശകസമിതി, തൊഴിലാളി ക്ഷേമനിധി ബോർഡ്, അങ്കണവാടി ക്ഷേമനിധി ബോർഡ് എന്നിവയിൽ അംഗമായിരുന്നു. നിലവിൽ നല്ലളം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ്.
Content Highlights: Clash in Kozhikode Muslim league