യുഡിഎഫിന് വീണ്ടും തിരിച്ചടി; കോഴിക്കോട് കോര്‍പ്പറേഷനിലെ മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും വോട്ടില്ല

കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിനും വോട്ടില്ലയെന്ന വിവരം പുറത്തുവന്നിരുന്നു

കോഴിക്കോട് : കോഴിക്കോട് മറ്റൊരു കോൺഗ്രസ് സ്ഥാനാർത്ഥിക്കും വോട്ടില്ല. മെഡിക്കൽ കോളേജ് സൗത്ത് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിന്ദു കമ്മനക്കണ്ടിക്കാണ് വോട്ടില്ലാത്തത്. വോട്ടില്ലാത്തതിനാൽ സ്ഥാനാർത്ഥിയെ മാറ്റാൻ ആലോചന തുടങ്ങിയിരിക്കുകയാണ് ഡിസിസി.

അതേസമയം കോഴിക്കോട് കോർപ്പറേഷനിലേക്കുള്ള യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയായ സംവിധായകൻ വി എം വിനുവിനും വോട്ടില്ലയെന്ന വിവരം പുറത്തുവന്നിരുന്നു. കല്ലായി ഡിവിഷനിൽനിന്നും വിനു വോട്ട് തേടി പ്രചാരണം തുടങ്ങിയിരുന്നു. എന്നാൽ പുതിയ പട്ടികയിലാണ് വിനുവിന് വോട്ടില്ലെന്ന വിവരം പുറത്തുവന്നത്. എൽഡിഎഫ് ഭരിക്കുന്ന കോർപ്പറേഷന്റെ ഭരണം ഇത്തവണ വി എം വിനുവിനെയടക്കം രംഗത്തിറക്കി തിരിച്ചുപിടിക്കാനായിരുന്നു യുഡിഎഫിന്റെ നീക്കം. എന്നാൽ ഇതിന് തിരിച്ചടിയാകുന്നതാണ് വിനുവിന് വോട്ടില്ലെന്ന വിവരം.

എന്നാൽ കല്ലായി ഡിവിഷനിൽ പ്രചാരണം തുടരുകയാണ് കോഴിക്കോട്ടെ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി വി എം വിനു. വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിയതിനെതിരെ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്നായിരുന്നു വി എം വിനു പറഞ്ഞത്. തന്റെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കാണ് അധികാരം? ജനാധിപത്യ രാജ്യമാണോ എന്ന് സംശയമുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണിത്. കല്ലായിയില്‍ ശക്തമായ രീതിയില്‍ പ്രചാരണം തുടങ്ങിയതാണ്. നല്ല പ്രതീക്ഷയിലായിരുന്നു. വികസനമില്ലായ്മക്കെതിരെ മത്സരിക്കാനാണ് താന്‍ തീരുമാനിച്ചത്. മത്സരിക്കുന്നു എന്ന് പറഞ്ഞതോടെ തന്റെ വോട്ട് നിഷേധിക്കപ്പെട്ടു. കോടതിയില്‍ വിശ്വാസമര്‍പ്പിക്കുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ താന്‍ മുഴുവന്‍ വാര്‍ഡിലും സജീവമായുണ്ടാകും. സെപ്റ്റംബറിലെ കരട് പട്ടികയില്‍ വോട്ട് ഉണ്ടാവുമെന്നാണ് വിശ്വാസമെന്നും വി എം വിനു പറഞ്ഞു.

വി എം വിനുവിന് വോട്ടില്ലാത്തത് അസാധാരണമായ സംഭവമാണെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീണ്‍ കുമാര്‍ പറഞ്ഞത്. വിനുവിന് വോട്ടർ ഐഡിയുണ്ട്. എന്നാൽ വോട്ടില്ലെന്നും പ്രവീൺ കുമാർ പറഞ്ഞു. വിനുവിന് വോട്ടില്ലാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇലക്ഷന്‍ കമ്മീഷനാണ്. മറ്റ് സംസ്ഥാനങ്ങളെ വെല്ലുന്ന വോട്ട്ചോരിയാണ് കേരളത്തില്‍ നടക്കുന്നത്. ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സിപിഐഎമ്മിന് ജയിക്കാന്‍ വേണ്ടി കരുതിക്കുട്ടി നടത്തിയ നാടകമാണിതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

Content Highlight : Another setback for UDF; No other Congress candidate gets votes in Kozhikode

To advertise here,contact us